കോഴിക്കോട്: ജി.എസ്.ടി നിലവില്‍ വന്ന് അ‍ഞ്ചു മാസമായിട്ടും വ്യപാരികളുടെ പരാതികള്‍ക്ക് കുറവില്ല. ക്ലോസിങ് സ്റ്റോക്കിന്‍മേലുളള ഇന്‍പുട്ട് ക്രെഡിറ്റ് ലഭിക്കുന്നതിന് തടസങ്ങളുണ്ടെന്നാണ് പരാതി. റിട്ടേണ്‍ ഫയലിംഗിന്‍റെ കാര്യത്തിലും പ്രതിസന്ധി തുടരുകയാണ്.

കോഴിക്കോട്ടെ ഒരു പ്രമുഖ ഇലക്ട്രോണിക്‌സ് സ്ഥാപനത്തില്‍ ചരക്ക് സേവന നികുതി നിലവില്‍ വന്ന ജൂലൈ ഒന്നിന് 25 കോടിയോളം രൂപയുടെ സ്റ്റോക്കാണ് ഉണ്ടായിരുന്നത്. 14.5 ശതമാനം നികുതിയില്‍ വാങ്ങിയ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് ജി.എസ്.ടി വന്നതോടെ നികുതി 28 ശതമാനമായി. 28 ശതമാനം നികുതിയുളള ക്ളോസിങ് സ്റ്റോക്കിന്‍മേല്‍ 60 ശതമാനവും 18 ശതമാനത്തില്‍ താഴെയുള്ള സ്റ്റോക്കിന്‍മേല്‍ 40ശതമാനവും ഇന്‍പുട്ട് ക്രെഡിറ്റ് അനുവദിക്കുമെന്നുമായിരുന്നു ജി.എസ്.ടി നിയമത്തില്‍ പറഞ്ഞിരുന്നത്. ഈ രീതിതിയില്‍ ഇന്‍പുട്ട് ക്രെഡിറ്റ് ലഭിക്കുന്നില്ലെന്നാണ് വ്യപാരികളുടെ പരാതി. പല വ്യാപാരികളുടെയും പക്കല്‍ ക്ളോസിങ് സ്റ്റോക്കിന്‍റെ 40 ശതമാനം വരെ ബാക്കിയാണ്. 

എന്നാല്‍ ട്രാന്‍സിഷണല്‍ പ്രൊവിഷന്‍ ഉപയോഗിക്കാത്തവര്‍ക്കാണ് ഈ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതെന്ന് നികുതി വകുപ്പ് വിശദീകരിക്കുന്നു. അതേസമയം, റിട്ടേണ്‍ ഫയലിങിലും പ്രതിസന്ധി തുടരുന്നുണ്ട്. സെര്‍വര്‍ തകരാറാണ് പ്രധാന പ്രശ്നം. എല്ലാ മാസവും 20ആണ് റിട്ടേണ്‍ ഫയലിങിനുളള അവസാന തീയതിയെങ്കിലും പലര്‍ക്കും ഇതിന് കഴിയുന്നില്ല. യഥാസമയം റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് വലിയ പിഴ നല്‍കേണ്ടിയും വരുന്നുണ്ട്.