തിരുവനന്തപുരം: ജിഎസ്ടി നടപ്പാക്കുന്നതോടെ വരുമാനം കൂടുമെന്ന് പ്രതീക്ഷിച്ച കേരളത്തിന് കനത്ത തിരിച്ചടി. നികുതി വരുമാനത്തില്‍ 20 ശതമാനം വര്‍ദ്ധനയായിരുന്നു കേരളം പ്രതീക്ഷിച്ചത്. എന്നാല്‍ ചെക്‌പോസ്റ്റുകള്‍ ഇല്ലാതാവുകയും വാഹനപരിശോധന പേരിനു മാത്രമാവുകയും ചെയ്തതോടെ ഇതുവരെയില്ലാത്ത നിലയിലാണ് നികുതിച്ചോര്‍ച്ച. 

മാസം 700 കോടിരൂപ വരെ ഇത്തരത്തില്‍ നഷ്ടമാകുന്നതായി ധനമന്ത്രി തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ഉയര്‍ന്ന നികുതിനിരക്കുകളില്‍ കുറവു വരുത്തിയതും കേരളത്തിന് തിരിച്ചടിയായി. ആഡംബര ഉല്‍പ്പന്നങ്ങള്‍ക്ക് 28 ശതമാനം നികുതി കേരളത്തിന്റെ നിര്‍ദ്ദേശമായിരുന്നെങ്കിലും ഈ പട്ടിക വെട്ടിച്ചുരുക്കിയതോടെ വരുമാനവും കുറഞ്ഞു. അപാകതകളുടെ പേരു പറഞ്ഞ് നികുതിയടയ്ക്കാത്തവരും ഏറെ. പിഴ 200-ല്‍ നിന്ന് 20 ആയി കുറച്ചത് ഇത്തരക്കാര്‍ക്ക് പ്രോല്‍സാഹനമാവുകയും ചെയ്തു. 

ഇങ്ങനെ വരുമാനം കുറഞ്ഞതിനൊപ്പം ചെലവ് അപ്രതീക്ഷിതമായി ഉയരുകകൂടി ചെയ്തതോടെയാണ് സംസ്ഥാനം ധനപ്രതിസന്ധിക്കു നടുവിലായത്. സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ക്കായി 1800 കോടിയും കിഫ്ബിക്കായി 1500 കോടിയും കണ്ണൂര്‍ എയര്‍പോര്‍ട്ടിനായി മുന്നൂറ് കോടിയും മാറ്റിവച്ചതോടെ പദ്ധതിച്ചിലവ് നിയന്ത്രിക്കാതെ സര്‍ക്കാരിനു മുന്നില്‍ മറ്റു വഴിയില്ലെന്ന നിലയായി.