തിരുവനന്തപുരം: ജിഎസ്‌ടി നടപ്പായി മൂന്ന് മാസമാകുമ്പോള്‍ സംസ്ഥാനത്തിന്റെ നികുതി വരുമാനം ഗണ്യമായി കൂടി. മൂന്ന് മാസത്തിനിടെ 16 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. അറുപത് ശതമാനം വ്യാപാരികള്‍ മാത്രം ജിഎസ്‌ടി രജിസ്‍ട്രേഷന്‍ എടുത്തപ്പോഴാണ് ഈ നികുതി വളര്‍ച്ചയെന്നതും ശ്രദ്ധേയമാണ്. വിലക്കയറ്റം മുതല്‍ വില്‍പ്പനയിലും നികുതി പിരിവിലുമെല്ലാം സമ്പൂര്‍ണ അനിശ്ചിതത്വം.

വ്യാപാരികള്‍ പിരിച്ചെടുക്കുന്നതില്‍ പങ്ക് പക്ഷെ ഖജനാവിലെത്തിത്തുടങ്ങി. പ്രതീക്ഷിച്ച അത്രയില്ലെങ്കിലും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ വാറ്റിലൂടെ മാസം ശരാശരി കിട്ടിയിരുന്ന വരുമാനം 1456 കോടി രൂപ. ജിഎസ്ടി വന്നതോടെ ഇത് 1727 കോടി രൂപയായി. ജിഎസ്‌ടി നടപ്പാക്കുന്നതിന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നഷ്‌ടപരിഹാരത്തുകയില്‍ കേരളത്തിന് കിട്ടിയ വിഹിതം 810 കോടി രൂപയാണ്.

ഇതുകൂടി ചേര്‍ത്താല്‍ ആകെ വളര്‍ച്ച 16 ശതമാനമായി.ഐജിഎസ്‌ടി നിരക്കിലുമുണ്ട് ക്രമാനുഗത വര്‍ദ്ധനവ്. ജിഎസ്‌ടി നടപ്പാക്കിയ ആദ്യമാസം 350 കോടി രൂപ കിട്ടിയിടത്ത് തുടര്‍ന്നുള്ള രണ്ടും മൂന്നും മാസം കിട്ടിയത് യഥാക്രമം 750 കോടി രൂപയും 823 കോടി രൂപയുമാണ്.

ജിഎസ്‌ടി വന്ന് മാസം മൂന്ന് കഴിഞ്ഞെങ്കിലും നാളിതുവരെ 60 ശതമാനം വ്യാപാരികള്‍ മാത്രമാണ് റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുള്ളത്. നാല്‍പത് ശതമാനം കച്ചവടക്കാര്‍ രജിസ്‍ട്രേഷന്‍ എടുത്തിട്ടില്ലെന്നിരിക്കെ കിട്ടുന്ന വരുമാനം ഖജനാവിന് മുതല്‍കൂട്ടാണ്. പക്ഷെ നടത്തിപ്പിലെ പോരായ്മകള്‍ അടക്കമുള്ള പ്രശ്നങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.