ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ചരക്ക് സേവന നികുതിയ്‌ക്ക് അന്തിമ രൂപം നല്‍കാന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗം ശ്രീനഗറില്‍ പുരോഗമിക്കുന്നു‍. സ്വര്‍ണവും ബീഡിയും അടക്കം ഇന്നലെ തീരുമാനമാകാത്ത ഉത്പന്നങ്ങളുടെ നികുതി നിരക്ക് തീരുമാനിക്കും. സേവന നികുതി നിരക്കുകളും ഇന്ന് തീരുമാനിക്കും

സ്വര്‍ണം, ബീഡി, സിഗരറ്റ്, ചെരുപ്പ്, തുണിത്തരങ്ങള്‍, കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവയ്ക്ക് പുറമെ പായ്‌ക്ക് ചെയ്ത ഭക്ഷണ പാനിയങ്ങള്‍, ബ്രാന്‍ഡഡ് ഭക്ഷ്യ ധാന്യങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ചരക്ക് സേവന നികുതി ഇന്ന് തീരുമാനിക്കും. ബീഡിയെ പരമ്പരാഗത കൈത്തൊഴിലായി കണക്കാക്കി സെസ് ഒഴിവാക്കണമെന്നും സ്വര്‍ണത്തിന്റെ നികുതി നിര്‍ദ്ദിഷ്‌ട രണ്ട് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കൂട്ടണമെന്നും കേരളം ആവശ്യപ്പെട്ടു. ഭക്ഷ്യധാന്യം, പാല്‍, മുട്ട, ശര്‍ക്കര എന്നിവയെ നികുതിയില്‍ നിന്ന് ഒഴിവാക്കി ഇന്നലെ 1205 ഉത്പന്നങ്ങളുടെ നികുതി തീരുമാനിച്ചിരുന്നു. 

ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ വിവിധ സേവന നികുതി നിരക്കുകളും ഇന്ന് തീരുമാനിക്കും. ടെലകോം, ബാങ്കിങ് സര്‍വ്വീസ് ചാര്‍ജുകള്‍ കുറയ്‌ക്കണമെന്നാണ് ഭൂരിഭാഗം സംസ്ഥാനങ്ങളുടേയും ആവശ്യം. നിലവില്‍ 15 ശതമാനമാണ് സേവന നികുതി. ഹോട്ടലുകളിലെ സര്‍വ്വീസ് ചാര്‍ജും യോഗം ചര്‍ച്ച ചെയ്യും. ചുരുക്കത്തില്‍ ഹോട്ടല്‍ ഭക്ഷണം, ടെലഫോണ്‍ ചാര്‍ജ്, ബാങ്കിലെ സര്‍വ്വീസ് ചാര്‍ജ് എന്നിവയില്‍ ഏറ്റക്കുറച്ചിലുണ്ടാകുമോയെന്ന് ഇന്നറിയാം. സമവായമായില്ലെങ്കില്‍ ജൂലൈ ഒന്നിന് മുമ്പ് വീണ്ടും ജി.എസ്.ടി കൗണ്‍സില്‍ യോഗം ചേരും. ജൂലൈ ഒന്നുമുതലാണ് ചരക്ക് സേവന നികുതി നടപ്പിലാക്കുന്നത്.