ദില്ലി: അമ്യൂസ്മെന്‍റ് പാര്‍ക്കുകളിലെ പ്രവേശന ടിക്കറ്റുകളുടെ ജിഎസ്ടി നിരക്ക് 28 ൽ നിന്ന് 18 ശതമാനമാക്കിയുള്ള ജിഎസ്ടി കൗണ്‍സിൽ ശുപാര്‍ശ ധനമന്ത്രാലയം അംഗീകരിച്ചു. വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യത്തെത്തുടര്‍ന്നാണ് തീംപാര്‍ക്കുകള്‍, വാട്ടര്‍ പാര്‍ക്കുകള്‍, ജോയ് റൈഡുകള്‍, മെറി ഗോ റൗണ്ട്, ബാലെ എന്നിവയ്ക്കുള്ള പ്രവേശന ഫീസ് ഇനത്തിലെ ജിഎസ്ടി നിരക്ക് കുറച്ചത്. കഴിഞ്ഞ മാസം 25നു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഈ ശുപാര്‍ശ അംഗീകരിച്ചു. അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍ക്കുമേല്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന വിനോദ നികുതി സംസ്ഥാനങ്ങള്‍ വര്‍ധിപ്പിക്കുകയില്ലെന്നുള്ള പ്രതീക്ഷയും കൗണ്‍സില്‍ പ്രകടിപ്പിച്ചു.
ഇത് കൂടാതെ സർക്കസ്, നൃത്തം, സംഗീത പരിപാടികള്‍, നാടകം, അവാര്‍ഡ് ദാന ചടങ്ങുകള്‍ പോലുള്ള സ്റ്റേജ് പരിപാടികൾക്കുള്ള ടിക്കറ്റ് നിരക്കിൽ 500 രൂപവരെ നികുതി ഒഴിക്കി. നിലവിൽ 250 വരെയാണ് ടിക്കറ്റുകൾക്ക് നികുതി ഇളവ് ഉള്ളത്. റസിഡന്‍റ് വെൽഫെയര്‍ അസോസിയേഷനുകൾക്ക് നൽകുന്ന 7500 രൂപവരെയുള്ള മെയിന്‍റനൻസ് ചാര്ജിനും ജി.എസ്.ടി ഒഴിവാക്കും.
താഴ്ന്ന - ഇടത്തരം വരുമാനക്കാര്‍ക്കുള്ള ഭവന നിർമാണ പദ്ധതികള്‍ക്കും ഇളവ്. താങ്ങാവുന്ന ചെലവ് വരുന്ന ഭവന നിര്‍മാണ പദ്ധതികള്‍ക്കു ജിഎസ്ടിയില്‍ നിരക്ക് ഇളവ് അനുവദിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍, എല്‍ഐജി, എംഐജി വിഭാഗങ്ങള്‍ എന്നിവര്‍ക്കായി നിര്‍മിക്കുന്ന വീടുകള്‍ക്കു ജിഎസ്ടിയില്‍ 12 ശതമാനത്തിന്‍റെ കുറഞ്ഞ നിരക്ക് അനുവദിച്ചു. പദ്ധതിയിലെ ഗുണഭോക്താക്കളുടെ പരമാവധി വാര്‍ഷിക വരുമാനം 18 ലക്ഷം രൂപ വരെ ആക്കിയിട്ടുണ്ട്. ഭവന നിര്‍മാണത്തിനായി ഗവണ്‍മെന്‍റ് ഏജന്‍സികള്‍ക്ക് പാട്ടത്തിനു നല്‍കുന്ന ഭൂമിക്കും നിരക്ക് ഇളവ് അനുവദിക്കും. കഴിഞ്ഞ മാസം 25 മുതല്‍ നിരക്കുകള്‍ക്കു പ്രാബല്യമുണ്ട്.
