ദില്ലി: രാജ്യത്ത് ചരക്ക് സേവന നികുതി ശക്തമായി നടപ്പിലാവുന്നതിന് നികുതി ഘടനയില്‍ അടിമുടി അഴിച്ചുപണി ആവശ്യമായി വരുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹഷ്മുഖ് അദിയ അഭിപ്രായപ്പെട്ടു. വേണ്ടത്ര മുന്നൊരുക്കം നടത്താതെ ജിഎസ്ടി നടപ്പാക്കിയതിന് കേന്ദ്ര സര്‍ക്കാറിന്റെ മേല്‍ സമ്മര്‍ദ്ദം ശക്തമാവുന്നതിനിടെയാണ് പിഴവുകള്‍ സമ്മതിച്ച് റവന്യൂ സെക്രട്ടറി തന്നെ രംഗത്തെത്തിയത്.
പൊതുജനങ്ങള്‍ക്കും ചെറുകിട-ഇടത്തരം സംരഭകര്‍ക്കും ജിഎസ്ടി കാരണമായി വന്നുചേര്‍ന്ന ഭാരം ലഘൂകരിക്കപ്പെടേണ്ടതുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹശ്മുഖ് അദിയ അഭിപ്രായപ്പെട്ടത്. ജിഎസ്ടിയുടെ പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും അവസാനിക്കാന്‍ ഒരു വര്‍ഷമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പല സാധനങ്ങളുടെയും നികുതി നിരക്ക് വ്യത്യാസപ്പെടേണ്ടതുണ്ട്. ഇതിനോടകം തന്നെ നൂറിലധികം സാധനങ്ങളുടെ നികുതിയില്‍ ജി.എസ്.ടി കൗണ്‍സില്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്. സര്‍ക്കാറിന്റെ വരുമാന നഷ്ടം അടക്കം ഒട്ടേറെ കാര്യങ്ങള്‍ പരിഗണിച്ച ശേഷമേ നികുതി കുറയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാകൂ.
നികുതിയില്‍ മാറ്റം വരുത്തേണ്ട വിവിധ വസ്തുക്കളെ ഉള്‍ക്കൊള്ളിച്ച് ജി.എസ്.ടി കൗണ്‍സില്‍ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നവംബര്‍ 10 ഗുവാഹത്തിയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലോ അതിന് ശേഷമോ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും. എല്ലാ അര്‍ദ്ധത്തിലും ഒരു പുതിയ സംവിധാനമായതിനാല്‍ പലതവണ മാറ്റങ്ങള്‍ക്ക് ശേഷം ഫലപ്രദമായി ജിഎസ്ടി നടപ്പിലാവാന്‍ ഒരു വര്‍ഷമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 2005ല്‍ മൂല്യ വര്‍ദ്ധിത നികുതി നടപ്പാക്കിയപ്പോള്‍ ഇപ്പോള്‍ ഉയരുന്നതിലും വലിയ പ്രതിഷേധങ്ങളുണ്ടായിരുന്നു. വാറ്റ് എന്താണെന്ന് ആര്‍ക്കും അറിയാത്ത അവസ്ഥയിലാണ് ഒരു വര്‍ഷത്തോളം മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു.
