ചരക്ക് സേവന നികുതി വരുന്നത് ഐ.ടി രംഗത്തും വിപ്ലവം തീര്‍ക്കുകയാണ്. ജി.എസ്.ടിക്ക് മുന്നോടിയായി ഇന്‍ഫോസിസ്, ടാലി, ക്ലിയര്‍ ടാക്‌സ് തുടങ്ങിയവര്‍ തങ്ങളുടെ സോഫ്റ്റ്‍വെയറില്‍ അപ്ഡേഷന്‍ വരുത്തുന്ന തിരക്കിലാണ്.

രാജ്യം കാണാനിരിക്കുന്ന ഏറ്റവും വലിയ നികുതി പരിഷ്കരണമായ ചരക്ക് സേവന നികുതി പ്രാവര്‍ത്തികമാക്കാനുള്ള തിരക്കിലാണ് രാജ്യത്തെ വിവിധ ഐ.ടി സ്ഥാപനങ്ങള്‍. കടകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും നിലവില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയറുകള്‍ ജൂലൈ ഒന്നു മുതല്‍ ഉപയോഗിക്കാന്‍ കഴിയില്ല. നികുതി ഘടന സമ്പൂര്‍ണ്ണമായി മാറുന്നതിനാല്‍ ബില്ലിങ്ങിനായി കടകളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയറുകള്‍ പരിപൂര്‍ണ്ണമായി പരിഷ്കരിക്കേണ്ടി വരും. ഇതിന് മുന്നോടിയായി ഈ രംഗത്തെ പ്രമുഖരായ ടാലി, ക്ലിയര്‍ ടാക്സ്, ഇന്‍ഫോസിസ് തുടങ്ങിയവരെല്ലാം തങ്ങളുടെ സോഫ്‍റ്റ്‍വെയറുകള്‍ പരിഷ്കരിക്കുന്ന തിരക്കിലാണ്. ഒരുപിടി പുതിയ സോഫ്റ്റ്‍വെയറുകളും രംഗത്തെത്തുന്നുണ്ട്.

ജി.എസ്.ടിക്കായി സ്ഥാപനങ്ങളെ തയ്യാറാക്കാന്‍ 34 സുവിധ പ്രൊവൈഡേഴ്സിനെ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് ഇവരുടെ സേവനം പ്രയോജനപ്പെടുത്താം. സങ്കീര്‍ണ്ണമായ ആഭ്യന്തര പ്രവര്‍ത്തനങ്ങളെ ജി.എസ്.ടിയുമായി സംയോജിപ്പിക്കുന്നതിന് വന്‍കിട ബിസിനസുകളെ സഹായിക്കുകയാണ് സുവിധ പ്രൊവൈഡര്‍മാരുടെ ദൗത്യം. ടി.സി.എസ് അടക്കമുള്ള കമ്പനികളാണ് 34 അംഗ സുവിധ സംഘത്തിലുള്ളത്. അതേസമയം ഓണ്‍ലൈന്‍ വ്യാപാര കമ്പനികളും ജി.എസ്.ടിക്ക് മുന്നോടിയായി ഒരുക്കങ്ങള്‍ തുടങ്ങി. സ്നാപ്‍ഡീല്‍, ഫ്ലിപ്‍കാര്‍ട്ട്, ആമസോണ്‍, തുടങ്ങിയവര്‍ ജി.എസ്.ടി നികുതി ഘടനയെക്കുറിച്ച് സെല്ലര്‍മാരെ ബോധവത്കരിക്കുകയാണ്.