ദില്ലി: ഓരോ ദിവസവും എണ്ണവില തോന്നിയ പോലെ കൂടുമ്പോള്‍ വാഹനം റോഡിലിറക്കാന്‍ കഴിയാതെ നട്ടം തിരിയുകയാണ് സാധാരണക്കാര്‍. കമ്പനികള്‍ക്ക് സ്വന്തം നിലയ്ക്ക് വില കൂട്ടാന്‍ അനുമതി നല്‍കിയപ്പോള്‍ തന്നെ കാര്യങ്ങള്‍ കൈവിട്ട് പോയെങ്കിലും ദിവസവും വില മാറുന്ന അവസ്ഥ വന്നതോടെയാണ് നാട്ടുകാര്‍ക്ക് ശരിക്കും പണികിട്ടിയത്. 

വിലയില്‍ തങ്ങള്‍ക്ക് കാര്യമായ പങ്കൊന്നുമില്ലെന്ന് പറഞ്ഞ് കൈ കഴുകുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കോടികളുടെ അധിക വരുമാനമാണ് ഓരോ ദിവസവും കിട്ടുന്നത്. മുന്‍പ് എണ്ണവില വര്‍ദ്ധന വലിയ വാര്‍ത്തയാകുകയും അതിന് പിന്നാലെ സമരവും ഹര്‍ത്താലുമൊക്കെ പ്രഖ്യാപിക്കപ്പെടുകയും ചെയ്യുമ്പോള്‍ അധിക നികുതി വേണ്ടെന്ന് വെയ്ക്കാന്‍ സര്‍ക്കാറുകള്‍ തീരുമാനിക്കുമായിരുന്നു. എന്നും വിലവ്യത്യാസം വന്നു തുടങ്ങിയതോടെ പ്രതിഷേധങ്ങള്‍ അവസാനിച്ചു. കിട്ടുന്നത് പോരട്ടെ എന്ന മനോഭാവമായി സര്‍ക്കാറിനും. എന്നാല്‍ ഇപ്പോഴത്തെ വിലയില്‍ നിന്ന് രക്ഷപെടാന്‍ ആകെ ഒരു വഴിയാണ് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്-ജി.എസ്.ടി. ചരക്ക് സേവന നികുതി വന്നതോടെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാന്‍ പറ്റാത്ത സ്ഥിതി ആയെങ്കിലും പെട്രോള്‍, ഡീസല്‍ വിലയില്‍ ഇത് നടപ്പായാല്‍ വലിയ വിലക്കുറവുണ്ടാക്കുമെന്നാണ് സത്യം.

മദ്യം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഏതാനും മേഖലകളില്‍ മാത്രമാണ് ഇപ്പോള്‍ ജിഎസ്ടി ഇല്ലാത്തത്. കോടികളുടെ നികുതി വരുമാനം ഇല്ലാതാകും എന്ന് തന്നെയാണ് സര്‍ക്കാറുകളെ ഇതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്. നിലവില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് 23 ശതമാനം കേന്ദ്ര സര്‍ക്കാറിന്റെ എക്സൈസ് നികുതിയും 15 മുതല്‍ 34 ശതമാനം വരെ സംസ്ഥാന സര്‍ക്കാറുകളുടെ നികുതിയുമാണ്. ഓരോ സംസ്ഥാന സര്‍ക്കാറുകളും വ്യത്യസ്ഥ നിരക്കിലാണ് നികുതി ചുമത്തുന്നത്. കേരളത്തിൽ പെട്രോളിന് 31.8 ശതമാനവും ഡീസലിന് 24.5 ശതമാനവുമാണ് വാറ്റ് ഈടാക്കുന്നത്. 

ജിഎസ്ടി വന്നാല്‍ എത്രത്തോളം വില കുറയുമെന്നത് എത്ര ശതമാനം നികുതി ഇവയ്ക്ക് മേല്‍ ചുമത്തും എന്നതിനെ അടിസ്ഥാനപ്പെടുത്തിയാകും. നിലവില്‍ 5, 12, 18, 26 എന്നിങ്ങനെയുള്ള ശതമാന നിരക്കുകളിലാണ് വിവിധ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ജിഎസ്ടി ചുമത്തുന്നത്. ഇന്ന് തിരുവനന്തപുരത്ത് 74.36 രൂപയാണ് പെട്രോളിന് വില. 12 ശതമാനം ജിഎസ്ടി ചുമത്തിയാല്‍ അത് 35.55 രൂപയായി മാറും. 18 ശതമാനം ജിഎസ്ടി ചുമത്തിയാല്‍ വില 37.47 രൂപയായി മാറും. ഏറ്റവും ഉയര്‍ന്ന നികുതിയായ 28 ശതമാനം ചുമത്തിയാലും 40.64 രൂപയേ വരൂ. വാഹനങ്ങള്‍ക്ക് ജിഎസ്ടിക്ക് പുറമേ സെസ് കൂടി ഏര്‍പ്പെടുത്തുന്നുണ്ട്. ഈ കണക്ക് അനുസരിച്ച് 28 ശതമാനം ജിഎസ്ടിയും  22 ശതമാനം സെസും കൂടി ഉള്‍പ്പെടുത്തിയാലും 47.63 രൂപയ്ക്ക് പെട്രോള്‍ ലഭിക്കും. ഇതുപോലെ ഡീസല്‍ വിലയിലും കുറവ് വരും. 

അധികമായി കിട്ടുന്ന വരുമാനം വേണ്ടെന്ന് വെയ്ക്കാനുള്ള മടി കൊണ്ട് സംസ്ഥാനങ്ങള്‍ തന്നെയാണ് ഇന്ധന വിലയെ ജിഎസ്ടിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്. സംസ്ഥാനങ്ങള്‍ക്ക് കൂടി പ്രാതിനിധ്യമുള്ള ജിഎസ്ടി കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. എന്നാല്‍ ഇന്ധനങ്ങളെക്കൂടി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, അരുണ്‍ ജെയ്റ്റ്‍ലി എന്നിവരുടെ അഭിപ്രായങ്ങളിലാണ് ഇനി പ്രതീക്ഷ.