മലപ്പുറം: ജി.എസ്.ടി. സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള പ്രത്യേക സോഫ്റ്റ്‍വെയർ മൂന്നു മാസത്തിനകം നിലവിൽ വരുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സെപ്തംബർ വരെയുള്ള പിഴ ഈടാക്കാതിരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും. എണ്ണ വിലയിൽ സംസ്ഥാന നികുതി കുറയ്ക്കില്ലെന്നും തോമസ് ഐസക് മലപ്പുറത്ത് പറഞ്ഞു.
കേരള പത്രപ്രവര്‍ത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ച പുത്തൻ സാമ്പത്തിക പരിഷ്കാരവും കേരളവും എന്ന വിഷയത്തില്‍ ചർച്ചക്കിടെയാണ് ധനമന്ത്രി ജി.എസ്.ടിയിൽ നിലപാട് വ്യക്തമാക്കിയത്. ആശയക്കുഴപ്പങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കാനുള്ള സംവിധാനം സംസ്ഥാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടി സംബന്ധിച്ച സംശയങ്ങൾ തീർക്കാൻ താഴേത്തലത്തില്‍ ഹെൽപ് ഡെസ്കുകൾ ആരംഭിക്കും. പെട്രോളിയം നികുതി കേന്ദ്രം കുറയ്ക്കാതെ കേരളം കുറയ്ക്കില്ലെന്നും ധനമന്ത്രി പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനം ചെയ്തു. മുൻ ധനമന്ത്രി കെ. ശങ്കരനാരായണൻ പങ്കെടുത്തു. വ്യാപാര വ്യവസായ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 പ്രമുഖരും ചർച്ചയുടെ ഭാഗമായി.
