മുംബൈ: ഗുജറാത്ത് വോട്ടെണ്ണലിന്റെ പിരിമുറുക്കം ഓഹരി വിപണിയിലും പ്രതിഫലിച്ചു. തുടക്കത്തില്‍ ബിജെപി പ്രതീക്ഷിച്ച പ്രകടനം നടത്താത്തതിനെ തുടര്‍ന്ന് സെന്‍സെക്‌സില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. വ്യാപാരം ആരംഭിച്ച ഉടന്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 867 പോയന്റും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 200 പോയന്റില്‍ അധികവും ഇടിഞ്ഞു. സെന്‍സക്‌സ് 32,595ലേക്കും നിഫ്റ്റി 10,074ലേക്കും താഴ്ന്നു. ബിജെപി ഭരണം ഉറപ്പിച്ചതോടെ തിരിച്ചുകയറിയ വിപണി 138 പോയന്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

പ്രമുഖ കന്പനികള്‍ക്കൊപ്പം ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികളെല്ലാം നഷ്ടം രുചിച്ചു. എന്നാല്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിട്ട് ബിജെപി നില ഭദ്രമാക്കിയതോടെ വിപണികള്‍ നഷ്ടം നികത്തി. ബിജെപി സീറ്റുകള്‍ 110ലേക്ക് ഉയര്‍ന്നതോടെ ഓഹരി വിപണി നേട്ടത്തിലേക്ക് കുതിച്ചു.

സെന്‍സെക്‌സ് 300 പോയന്റും നിഫ്റ്റി 100 പോയന്റോളവും ഉയര്‍ന്നു. എന്നാല്‍ സീറ്റുകളുടെ എണ്ണം വീണ്ടും 100ന് താഴേക്ക് പോയതോടെ വിപണികളിലെ നേട്ടവും കുറഞ്ഞു. ഒടുക്കം 138 പോയന്റ് നേട്ടത്തില്‍ സെന്‍സെക്‌സ് 33,601ലും നിഫ്റ്റി 55 പോയന്റ് ഉയര്‍ന്ന് 10,388ലും വ്യാപാരം അവസാനിപ്പിച്ചു.