മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്‌നാക്‌സ് കമ്പനി എന്ന ബഹുമതി പെപ്‌സികോയെ മറികടന്ന് ഇന്ത്യന്‍ കമ്പനിയായ ഹല്‍ദിറാം തിരിച്ചു പിടിച്ചു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കമ്പനി ഈ നേട്ടം സ്വന്തമാക്കുന്നത്. 

പശ്ചാത്യവിഭവങ്ങള്‍ വെടിഞ്ഞ് ഇന്ത്യക്കാര്‍ സ്വദേശി ഉല്‍പന്നങ്ങളിലേക്ക് തിരിഞ്ഞുവെന്നതിന്റെ തെളിവാണ് ഹല്‍ദിറാമിന്റെ മുന്നേറ്റം എന്നാണ് വിലയിരുത്തല്‍. സെപ്തംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ 4224.8 കോടി രൂപയുടെ വില്‍പനയാണ് ഹല്‍ദിറാം നടത്തിയത്. ലേയ്‌സ്, കുര്‍ക്കുറേ, അങ്കിള്‍ ചിപ്പ്‌സ് തുടങ്ങിയ വിവിധ ബ്രാന്‍ഡുകളില്‍ നിന്നായി പെപ്‌സികോ 3990.7 കോടി രൂപയുടെ വിറ്റുവരവ് നടത്തി. പോയവര്‍ഷം ഇതേസമയം പെപ്‌സികോ 3617 കോടിയുടേയും ഹല്‍ദിറാം 3262 കോടി രൂപയുടേയും വ്യാപാരം നടത്തിയിരുന്നു. 

ഇന്ത്യന്‍ ഭക്ഷ്യവിഭവങ്ങളായ കുള്‍ഫി, പപ്പട്, സവോരി, വിവിധതരം മധുര-മസാല പലഹാരങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയും റെഡി ടു ഈറ്റ് ഭക്ഷ്യപദാര്‍ത്ഥങ്ങളുമാണ് ഹല്‍ദിറാം പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ നാഗ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അന്‍പതിലേറെ രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. 

മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ നീല്‍സണ്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് അനുസരിച്ച് 30 ശതമാനം വളര്‍ച്ചയാണ് പോയ വര്‍ഷം ഹല്‍ദിറാം സ്വന്തമാക്കിയത്. അതേസമയം ഉപ്പുരസമുള്ള സ്‌നാകുകളുടെ വില്‍പനയില്‍ പെപ്‌സികോയുടെ ലേയ്‌സ് മറ്റു കമ്പനികളേക്കാള്‍ ബഹുദൂരം മുന്‍പിലാണ്.