Asianet News MalayalamAsianet News Malayalam

രാജ്യത്തെ അന്‍പത് ശതമാനം എടിഎമ്മുകളും മാര്‍ച്ചോടെ അടച്ചു പൂട്ടിയേക്കുമെന്ന് മുന്നറിയിപ്പ്

എടിഎമ്മുകളുടെ വര്‍ധിച്ചു വരുന്ന പ്രവര്‍ത്തനചിലവാണ് ഇവ അടച്ചു പൂട്ടുന്നതിലേക്ക് നയിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നോട്ട് നിരോധനത്തിന് ശേഷം പുതിയ നോട്ടുകള്‍ എത്തിയതോടെ അതിന് അനുസരിച്ചുള്ള വലിയ മാറ്റങ്ങള്‍ എടിഎമ്മുകള്‍ നടത്തേണ്ടി വന്നു. 

half of the atms may closed by next year march
Author
Mumbai, First Published Nov 21, 2018, 6:47 PM IST

2019 മാര്‍ച്ചോടെ രാജ്യത്തെ അന്‍പത് ശതമാനം എടിഎമ്മുകളും അടച്ചു പൂട്ടാന്‍ സാധ്യതയുണ്ടെന്ന് എടിഎം മേഖല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (ക്യാറ്റ്മി) യുടെ റിപ്പോര്‍ട്ട്.  നിലവില്‍ രാജ്യത്ത് 2,38,000 എടിഎമ്മുകളാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇതില്‍  1,15,000 എടിഎമ്മുകളെങ്കിലും അടുത്ത വര്‍ഷം മാര്‍ച്ചോടെ അടച്ചു പൂട്ടപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

എടിഎമ്മുകളുടെ വര്‍ധിച്ചു വരുന്ന പ്രവര്‍ത്തനചിലവാണ് ഇവ അടച്ചു പൂട്ടുന്നതിലേക്ക് നയിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നോട്ട് നിരോധനത്തിന് ശേഷം പുതിയ നോട്ടുകള്‍ എത്തിയതോടെ അതിന് അനുസരിച്ചുള്ള വലിയ മാറ്റങ്ങള്‍ എടിഎമ്മുകള്‍ നടത്തേണ്ടി വന്നു. സുരക്ഷാ ഭീഷണികള്‍ കണക്കിലെടുത്ത് എടിഎമ്മുകളുടെ സാങ്കേതിക സംവിധാനങ്ങളും തുടര്‍ച്ചയായി പരിഷ്കരിക്കേണ്ടി വന്നു ഇതെല്ലാം എടിഎം നടത്തിപ്പിന്‍റെ ചിലവ് വര്‍ധിപ്പിച്ചു. 

ഭൂരിപക്ഷം ബാങ്കുകളും എടിഎമ്മുകളുടെ  പരിപാലനവും പണം നിറയ്ക്കലും അടക്കമുള്ള ചുമതലകള്‍ പുറം കരാര്‍ നല്‍കിയിരിക്കുകയാണ്. എടിഎം പരിപാലനത്തിന് വേണ്ടിവരുന്ന ഈ അധികചിലവിന്‍റെ പങ്കു വഹിക്കാന്‍ ബാങ്കുകള്‍ തയ്യാറാവാത്ത പക്ഷം അടുത്ത വര്‍ഷം  മാര്‍ച്ചോടെ രാജ്യത്തെ പകുതിയോളം എടിഎമ്മുകളും പൂട്ടാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നോട്ട് നിരോധനത്തിന് ശേഷം പുതിയ നോട്ടുകള്‍ ലഭ്യമാക്കുന്ന തരത്തില്‍ ക്യാഷ് ക്യാസറ്റ്സ് ഒരുക്കുന്നതിന് വേണ്ടി മാത്രം 3500 കോടി രൂപ എടിഎം സര്‍വീസ് ഏജന്‍സികള്‍ക്ക് ചിലവായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

നോട്ട് നിരോധനത്തിന് ശേഷമുള്ള ഒരു വര്‍ഷത്തില്‍ കടുത്ത ജോലിഭാരമാണ് രാജ്യത്തെ എടിഎം സേവനദാതക്കാള്‍ക്ക് നേരിടേണ്ടി വന്നത്. എന്നാല്‍ ചിലവിനൊത്തുള്ള വരുമാനം ഒരു ഘട്ടത്തിലും അവര്‍ക്ക് ലഭിച്ചില്ല. എടിഎം ഇന്‍റര്‍ചാര്‍ജ് അടക്കമുള്ളവ ഇപ്പോഴും പഴയ നിരക്കില്‍ തുടരുകയാണ്. ബാങ്കുകളുമായി നാലും അഞ്ചും വര്‍ഷത്തെ കരാറുകളാണ് പല ഏജന്‍സികളും ഒപ്പു വച്ചരിക്കുന്നത്. കരാര്‍ ഏറ്റെടുക്കുന്പോള്‍ ഉള്ള അവസ്ഥയല്ല ഇന്ന് ഈ മേഖലയിലുള്ളത്. 

പ്രവര്‍ത്തനചിലവ് കണ്ടെത്താന്‍ സാധിക്കാത്ത എടിഎമ്മുകളാവും ആദ്യഘട്ടത്തില്‍ അടച്ചു പൂട്ടാന്‍ സാധ്യത. ഇത്തരം എടിഎമ്മുകള്‍ കൂടുതലായി ഉള്ളത് ഗ്രാമപ്രദേശങ്ങളിലാണ്. സ്വാഭാവികമായും ഗ്രാമീണജനതയാവും ഇതുമൂലമുള്ള പ്രതിസന്ധി ആദ്യം നേരിടുക. നോട്ട് നിരോധനത്തിന് ശേഷം എടിഎമ്മുകള്‍ക്ക് മുന്‍പിലുള്ള നീണ്ട ക്യൂവിന് രാജ്യം വീണ്ടും കാത്തു നില്‍ക്കേണ്ടി വന്നേക്കാം എന്ന മുന്നറിയിപ്പും ക്യാറ്റ്മീയുടെ റിപ്പോര്‍ട്ടിലുണ്ട്. 

Follow Us:
Download App:
  • android
  • ios