പൂജ്യത്തില്‍ നിന്നും നൂറുകിലോമീറ്റര്‍ വേഗം ആര്‍ജ്ജിക്കാന്‍ വേണ്ടത് കേവലം 5 സെക്കന്‍റ്. പത്ത് സെക്കന്‍റ് ന്യൂട്രലില്‍ തുടര്‍ന്നാല്‍ തനിയെ എഞ്ചിന്‍ ഓഫാകുകയും പിന്നെ ക്ലച്ചിലൊന്നു തൊട്ടാല്‍ ഓണാകുകയും ചെയ്യുന്ന നൂതനമായ സാങ്കേതിക വിദ്യ. പറഞ്ഞുവരുന്നത് ഒരു ബൈക്കിനെ കുറിച്ചാണ്. ഇന്ത്യയുടെ സ്വന്തം ഹീറോ മോട്ടോർകോപ് പുറത്തിറക്കിയ പുതിയ 150 കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ അച്ചീവര്‍ 150.

ഇന്ധനക്ഷമത വർധിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിക്കുന്ന i3s എന്ന ഹീറോയുടെ പുത്തൻ സാങ്കേതിക സംവിധാനമാണ് അച്ചീവറിന്റെ വലിയ പ്രത്യേകതകളിലൊന്ന്. ഹീറോ തന്നെ വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ അനുസരിച്ച് ബൈക്ക് പത്ത് സെക്കന്റ് നേരത്തേക്ക് ന്യൂട്രലിൽ തുടരുകയാണെങ്കിൽ എൻജിൻ തനിയെ ഓഫാകും. പിന്നീട് ക്ലച്ച് അമർത്തിയാല്‍ ബൈക്ക് തിരികെ ഓണാകുകയും ചെയ്യും.
ഇതുകൂടാതെ ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓൺ (A H O) എന്ന സവിശേഷതയും പുതിയ അച്ചീവറിലുണ്ട്. വെറും 5 സെക്കന്റുകൊണ്ടാണ് അച്ചീവർ പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗത കൈവരിക്കുന്നത്. മണിക്കൂറിൽ 110കിലോമീറ്ററാണ് പരമാവധി വേഗത. പുതിയ ഗ്രാഫിക്സോടുകൂടി ഇരുഭാഗത്തേക്കും തള്ളിനിൽക്കുന്ന ഇന്ധനടാങ്ക് അച്ചീവറിനെ മസിലുകളുള്ള സുന്ദരനാക്കി മാറ്റുന്നു.

BS - IV ചട്ടങ്ങൾക്കനുസൃതമായി ഹീറോ തന്നെ വികസിപ്പിച്ചെടുത്തിയ പുതിയ 149.2 സിസി 4 സ്ട്രോക്ക് സിങ്കിൾ സിലിണ്ടർ എൻജിന്‍ അച്ചീവറിന് കരുത്തു പകരും. 13.6പിഎസ് കരുത്തും 12.80എൻഎം ടോർക്കും നൽകുന്ന ഈ എൻജിനിൽ ഘടിപ്പിച്ചിരിക്കുന്ന 5 സ്പീഡ് ഗിയർബോക്സ് വാഹനത്തെ കുതികുതിപ്പിക്കും. മെയിന്‍റന്‍സ് ഫ്രീ ബാറ്ററി, സൈഡ് സ്റ്റാന്‍റ് ഇന്‍ഡിക്കേറ്റര്‍, വിസ്‍കലസ് എയര്‍ ഫില്‍റ്റര്‍, ട്യൂബ്‍ലെസ്സ് ടയര്‍ തുടങ്ങിയവയും അച്ചീവറിന്‍റെ പ്രത്യേകതയാണ്.

അച്ചീവര്‍ ഡ്രം ബ്രേക്ക് വേരിയന്റിന് 61,800രൂപയും ഡിസ്ക് ബ്രേക്ക് വേരിയന്റിന് 62,800രൂപയുമാണ് ദില്ലി എക്സ്ഷോറൂം വിപണിവില. ഹീറോ പുതിയ 15 മോട്ടോർസൈക്കിളുകളെ വിപണിയിലെത്തിക്കുമെന്ന് സൂചിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് പുതിയ അച്ചീവറിന്‍റെ രംഗപ്രവേശം. മാസ്ട്രോ എഡ്‍ജ്, ഡ്യുവറ്റ്, സ്പ്ലെന്റർ ഐസ്മാർട്ട് ബൈക്കുകൾക്ക് ശേഷം ഹീറോയിൽ നിന്നുമെത്തുന്ന നാലാമത്തെ ബൈക്കാണ് അച്ചീവർ.

