Asianet News MalayalamAsianet News Malayalam

അക്കൗണ്ടിലെ പണം പോകുന്ന വഴിയറിയില്ല; പുതിയ തട്ടിപ്പ് രീതിയുമായി ഹൈടെക് കള്ളന്മാര്‍ സജീവമാകുന്നു

high tech money fraud using e wallets
Author
First Published Sep 21, 2017, 7:39 AM IST

മൊബൈല്‍ ഫോണിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയുള്ള തട്ടിപ്പിന് പുത്തന്‍ രീതി. ഉപഭോക്താവിന്റെ അക്കൗണ്ടിലെ പണം, തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നതിനു പകരം ഇ-വാലറ്റുകളിലേക്ക് മാറ്റിയാണ് തട്ടിപ്പ്. കണ്ണൂരില്‍ മാത്രം ഒരാഴ്ചയ്‌ക്കിടെ നാല് പേര്‍ക്ക് ഇത്തരത്തില്‍ പണം നഷ്‌ടമായി. 

തട്ടിപ്പ് സംഘം പറഞ്ഞതിനുസരിച്ച് എ.ടി.എം കാര്‍ഡ് നമ്പരും പിന്നാലെ എത്തിയ ഒ.ടി.പി നമ്പരും പറഞ്ഞുകൊടുത്തവര്‍ക്കാണ് പണം നഷ്ടമായത്. ഇവരില്‍ ഒരാളുടെ അക്കൗണ്ടില്‍ നിന്ന് 50,000 രൂപ പിന്‍വലിച്ചതായി മൊബൈല്‍ ഫോണില്‍ സന്ദേശമെത്തി. തുടര്‍ന്ന് സംശയം തോന്നി സൈബര്‍ പോലീസിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പിനിരയായെന്ന് മനസ്സിലായത്. പണം നഷ്‌ടപ്പെട്ട മറ്റുള്ളരും പെട്ടെന്ന് പൊലീസിനെ സമീപിച്ചതിനാല്‍ എല്ലാവര്‍ക്കും പണം തിരികെ കിട്ടി. എന്നാല്‍ തട്ടിപ്പ് സംഘം ഉപയോഗിക്കുന്ന ന്യൂജന്‍ രീതി കേട്ടാല്‍ ഞെട്ടും.

വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് സിം കാ‍ര്‍ഡുകള്‍ വാങ്ങും. മൊബൈല്‍ നമ്പരുകള്‍ കണ്ടെത്തുന്നതിന് സ്മാര്‍ട്ട് ഫോണുകളിലെ ട്രൂ കോളര്‍ പോലുള്ള ആപ്ലിക്കേഷനുകളില്‍ ആര്‍.ബി.ഐ എന്നും എസ്ബിഐയെന്നും സേവ് ചെയ്യും. ആധാര്‍ ബന്ധിപ്പിക്കാത്തവരും വലിയ തുക അക്കൗണ്ടിലുള്ളവരുമാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. പിന്നീട് ഉപഭോക്താക്കളെ വിളിച്ച് എ.ടി.എം കാ‍ര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പുകാരുടെ ഇ-വാലറ്റുകളിലേക്ക് പണം മാറ്റും. തുടര്‍ന്ന് തട്ടിപ്പ് സംഘം വിലപിടിപ്പുള്ള ഓണ്‍ലൈന്‍ പര്‍ച്ചേയ്സുകള്‍ നടത്തും. അതിനുശേഷം ഇടപാട് റദ്ദാക്കി പണം തട്ടിപ്പുകാരന് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റും. ഇ-വാലറ്റ് വഴിയുള്ള ഇടപാട് നടത്തിവരെ കണ്ടെത്താന്‍ ബാങ്കിനോ പൊലീസിനോ കഴിയില്ല. എന്നാല്‍ ഇ-വാലറ്റില്‍ നിന്ന് വില്പന നടത്തിയ ഓണ്‍ലൈന്‍ കമ്പനിക്ക് പണം ലഭിക്കാന്‍ ശരാശരി ആറു ദിവസമെടുക്കും. തട്ടിപ്പ് വിവരം പൊലീസിനെ 24 മണിക്കൂറിനുള്ളില്‍ അറിയിച്ചാല്‍ പണം നഷ്‌ടമാകില്ല.

പക്ഷേ പണം നഷ്‌ടമായിരിക്കുന്നവരില്‍ മിക്കവര്‍ക്കും അക്കൗണ്ടുള്ളത് പൊതുമേഖലാ ബാങ്കുകളിലാണ്. അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചുണ്ടോ, എത്ര തുക അക്കൗണ്ടില്‍ ബാക്കിയുണ്ട് തുടങ്ങിയ വിവരങ്ങളെല്ലാം തട്ടിപ്പ് സംഘം എങ്ങനെ മനസ്സിലാക്കുന്നുവെന്നുള്ളതാണ് സംശയം ജനിപ്പിക്കുന്നത്. നമ്മുടെ ബാങ്കിംഗ് സുരക്ഷയെ സംബന്ധിച്ച് വലിയ ചോദ്യങ്ങളാണ് ഇത് ഉയര്‍ത്തുന്നത്.

Follow Us:
Download App:
  • android
  • ios