ദില്ലി: കേന്ദ്രബജറ്റിൽ ആദായ നികുതി അടക്കം പ്രത്യക്ഷനികുതി നിരക്കുകളിൽ സമൂലമായ മാറ്റമുണ്ടാകുമെന്ന് സൂചന നൽകി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‍‍ലി. കൂടുതൽ ആളുകളെ നികുതി വലയത്തിലേക്ക് കൊണ്ടുവരുമെന്നും ജെയ്റ്റ്‍ലി പറഞ്ഞു. 

ദില്ലിയിൽ അന്താരാഷ്ട്ര കസ്റ്റംസ് ദിനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് ആദായ നികുകതിയും കോര്‍പ്പറേറ്റ് നികുതിയും അടക്കമുള്ള പ്രത്യക്ഷ നികുതി നിരക്കുകളിൽ മാറ്റമുണ്ടാകുമെന്ന് അരുൺ ജെയ്റ്റ്‍‍ലി സൂചന നൽകിയത് 

ആദായ നികുതി പരിധി രണ്ടരലക്ഷം രൂപയിൽ നിന്ന് മൂന്ന് ലക്ഷമാക്കി നികുതി സ്ലാബുകളിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷകൾക്കിടെയാണ് ധനമന്ത്രിയുടെ പരാമര്‍ശം. ചരക്ക് സേവന നികുതി നടപ്പിലാക്കിയതോടെ ജിഎസ്ടി കൗൺസിലിനാണ് ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും നികുതി നിര്‍ണയിക്കുന്നതിനുള്ള അധികാരം. 

ഈ സാഹചര്യത്തിൽ പ്രത്യക്ഷ നികുതി വരുമാനം ഉയര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രത്യക്ഷ നികുതി നിയമങ്ങൾ ഏകീകരിച്ച് കൊണ്ടുള്ള പ്രത്യക്ഷ നികുതി കോഡിനുള്ള സൂചനകളും കേന്ദ്ര ബജറ്റിലുണ്ടാകും. 56 വര്‍ഷം പഴക്കമുള്ള നിയമം പൊളിച്ചെഴുതാൻ കേന്ദ്രം ആറംഗ സമിതി രൂപീകരിച്ചിരുന്നു.