ദില്ലി: മരുന്നുകളും രോഗികള്‍ക്ക് ആവശ്യമായ മറ്റ് ഉപകരണങ്ങളുടെയും വില്‍പ്പനയിലൂടെ സ്വകാര്യ ആശുപത്രികള്‍ 1737 ശതമാനം വരെ കൊള്ളലാഭം കൊയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. രോഗികളെയും, ഉപകരണങ്ങളും മരുന്നുകളും വില്‍ക്കുന്ന കമ്പനികളെയും ഒരുപോലെ ആശുപത്രികള്‍ ചൂഷണം ചെയ്യുകയാണെന്ന് നാഷണല്‍ ഫാര്‍മ പ്രൈസിങ് അതോരിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

കുറഞ്ഞത് 344 ശതമാനം ലാഭമാണ് ആശുപത്രിയിലെ സാധനങ്ങള്‍ക്ക് രോഗികളില്‍ നിന്ന് ഈടാക്കുന്നത്. ഏറ്റമധികം ലാഭം വാങ്ങുന്നത് ഡ്രിപ്പ് ഇടാനും മറ്റും ഉപയോഗിക്കുന്ന ത്രീ വേ സ്റ്റോപ്പ് കോക്ക് എന്ന ഉപകരണത്തിനാണ്. 5.77 രൂപയ്‌ക്ക് ആശുപത്രികള്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങുന്ന ഈ ഉപകരണം 106 രൂപയ്‌ക്കാണത്രെ വില്‍ക്കുന്നത്. ഇതിന് മാത്രം 1737 ശതമാനം കൊള്ളലാഭം ആശുപത്രികള്‍ ഈടാക്കുന്നു. ദില്ലിയിലെ നാല് ആശുപത്രികള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച് നല്‍കുന്ന 40 ശതമാനത്തോളം പരിശോധനകളും മരുന്നുകളും നോണ്‍ ഷെഡ്യൂള്‍ഡ് വിഭാഗത്തിലാണ്. ഇവയ്‌ക്ക് സര്‍ക്കാറിന്റെ വില നിയന്ത്രണം ബാധകമാവില്ല. ഉയര്‍ന്ന ലാഭം ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ലഭിക്കുമെന്നതിനാല്‍ പലരും നോണ്‍ ഷെഡ്യൂള്‍ഡ് മരുന്നുകള്‍ കുറിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മിക്കവാറും സ്വകാര്യ ആശുപത്രികളൊക്കെ മരുന്നുകളും സ്വന്തം ഫാര്‍മസിയില്‍ നിന്ന് തന്നെയാണ് വിതരണം ചെയ്യുന്നത്. കുറഞ്ഞ വിലയ്‌ക്ക് പുറമെയുള്ള ഫാര്‍മസികളില്‍ നിന്ന് മരുന്ന് വാങ്ങാനുള്ള അവസരം ഇത് കാരണം രോഗികള്‍ക്ക് ലഭിക്കുന്നില്ല. പുറമെയുള്ള ലാബുകളിലും മറ്റും പരിശോധന നടത്തുന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന നിരക്കാണ് ആശുപത്രികളിലെ ലാബുകള്‍ ഈടാക്കുന്നതെന്നും നാഷണല്‍ ഫാര്‍മ പ്രൈസിങ് അതോരിറ്റി കണ്ടെത്തിയിട്ടുണ്ട്.