കോഴിക്കോട്: ഹോട്ടല്‍ ഭക്ഷണത്തിന് ഇനിയും വില കുറ‌ഞ്ഞേക്കും. ഉപഭോക്താവില്‍ നിന്ന് ജി.എസ്.ടി ഈടാക്കാതെ സ്വന്തം നിലയ്‌ക്ക് നല്‍കാനുള്ള ആലോചനയിലാണ് കോഴിക്കോട്ടെ ഹോട്ടല്‍സ് ആന്റ് റസ്റ്റോറന്റ്സ് അസോസിയേഷന്‍.

എ.സി ഹോട്ടലുകള്‍ക്ക് 18 ശതമാനവും എ.സിയില്ലാത്തവയ്‌ക്ക് 12 ശതമാനവും ജി.എസ്.ടിയാണ് ഈടാക്കിയിരുന്നത്. ഇതോടെ വില്‍പ്പനയില്‍ 40 മുതല്‍ 50 ശതമാനം വരെ ഇടിവുണ്ടായെന്നാണ് ഹോട്ടല്‍സ് ആന്റ് റസ്റ്റോറന്റ്സ് അസോസിയേഷന്‍ പറയുന്നത്. ഇപ്പോള്‍ ജി.എസ്.ടി അഞ്ച് ശതമാനമാക്കി കുറച്ചതോടെ ഭക്ഷണ വിലയും കുറഞ്ഞിട്ടുണ്ട്. ഹോട്ടലുകളിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് അസോസിയേഷന്‍. ഉപഭോക്താക്കളില്‍ നിന്ന് ജി.എസ്.ടി  ഈടാക്കാതെ ഹോട്ടല്‍ ഉടമ തന്നെ നല്‍കുന്ന സംവിധാനത്തെക്കുറിച്ചാണ് ആലോചന നടക്കുന്നത്.

വരുന്ന 20ന് എറണാകുളത്ത് നടക്കുന്ന അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ ഈ നിര്‍ദേശം ഉന്നയിക്കാനാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. സംസ്ഥാന കമ്മിറ്റി നിര്‍ദേശം അംഗീകരിച്ചാല്‍ ഭക്ഷണവില പൊള്ളില്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍.