ന്യൂഡല്‍ഹി: 2015-16 വര്‍ഷത്തെ ആദായ നികുതി ദായകരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. ഇതനുസരിച്ച് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ച 30,567 പേര്‍ പ്രതിവര്‍ഷം ഒരു കോടിക്ക് മുകളില്‍ സമ്പാദിക്കുന്നവരാണ്. ഇതില്‍ തന്നെ 29,000 പേരുടെ വരുമാനം ഒരു കോടിക്കും അഞ്ച് കോടിക്കും ഇടയിലാണ്. ശരാശരി 1.77 കോടി രൂപയാണ് ഇവരുടെ വാര്‍ഷിക വരുമാനം. എന്നാല്‍ 100 കോടിക്ക് മുകളില്‍ പ്രതിവര്‍ഷം സമ്പാദിക്കുന്നത് വെറും അഞ്ച് പേര്‍ മാത്രം.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കപ്പെട്ടത് അടിസ്ഥാനമാക്കി തയ്യാറാക്കിയ കണക്കുകള്‍ ഇന്നാണ് ദേശീയ പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തുവിട്ടത്. 1,288 പേര്‍ക്ക് അഞ്ച് കോടിക്കും പത്ത് കോടിക്കുമിടയില്‍ വരുമാനമുണ്ട്. 10 കോടി മുതല്‍ 25 കോടി വരെ വരുമാനമുള്ളവര്‍ 346 പേരുണ്ട്. 58 പേര്‍ക്ക് മാത്രമാണ് 25 കോടിക്കും 50 കോടിക്കും ഇടയില്‍ ഒരു വര്‍ഷത്തെ സമ്പാദ്യമുള്ളത്. 11 പേരുടെ വരുമാനം 50 കോടിക്കും 100 കോടിക്കും ഇടയ്‌ക്കാണ്.
നിലവില്‍ 2.5 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവരെയാണ് ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുന്നത്. ഇത് കഴിഞ്ഞാല്‍ അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ അഞ്ച് ശതമാനം നികുതി നല്‍കണം. പത്ത് ലക്ഷം വരെയാണ് വരുമാനമെങ്കില്‍ 20 ശതമാനമാകും നികുതി. 10 ലക്ഷത്തിന് മുകളിലുള്ളവരില്‍ നിന്ന് 30 ശതമാനം നികുതിയും വാങ്ങും. ഉയര്‍ന്ന വരുമാനക്കാര്‍ക്ക് നികുതിക്ക് പുറമെ സെസും നല്‍കണം. രാജ്യത്ത് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ച 4.36 കോടി പേരില്‍ 2.77 കോടി പേരുടെയും വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തിലും താഴെയാണ്.
2012-13 വര്‍ഷത്തെ കണക്കനുസരിച്ച് ഒരു കോടിക്ക് മുകളില്‍ വരുമാനമുണ്ടായിരുന്നത് 5,430 പേര്‍ക്കാണ്. ഇതാണ് 30,000ല്‍ അധികമായി ഉയര്‍ന്നത്. 2015-16ലെ കണക്ക് അനുസരിച്ച് 100 കോടി മുതല്‍ 500 കോടി വരെ വാര്‍ഷിക വരുമാനമുള്ള മൂന്ന് പേര്‍ മാത്രം 437 കോടിയാണ് ആദായ നികുതി അടച്ചത്. അതായത് ഒരാള്‍ ശരാശരി 145 കോടി രൂപ ഒരു വര്‍ഷം നികുതിയായി മാത്രം അടച്ചുവെന്ന് സാരം.
