പുതുവത്സരത്തില്‍ സര്‍ക്കാരിനെ ഏറ്റവും അലട്ടുന്നത് ശമ്പള പ്രതിസന്ധിയാണ്. ശമ്പളം കൊടുക്കാനുള്ള പണം കൈവശമുണ്ട്. പക്ഷെ കറന്‍സിയില്ല. ശമ്പളവും ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയും മുന്നില്‍ കണ്ട് കറന്‍സി ലഭ്യത ഉറപ്പുവരുത്തണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാരോ റിസര്‍വ്വ് ബാങ്കോ ചെവിക്കൊണ്ടിട്ടില്ലെന്നാണ് ധനമന്ത്രിയുടെ ആരോപണം.

നോട്ട് പിന്‍വലിക്കല്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തിനുണ്ടാക്കിയെന്ന് മാത്രമല്ല പ്രധാന വരുമാന മേഖലകളിലെല്ലാം നെഗറ്റീവ് വളര്‍ച്ചയാണ്. നോട്ടു പ്രതിസന്ധി ഖജനാവിന് ഭീമമായ നഷ്‌ടം ഉണ്ടാക്കിയ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ഇതിനു പുറമേ സഹകരണമേഖലയുണ്ടായ തീരാ പ്രതിസന്ധി പരിഹരിക്കാനും നടപടികളുണ്ടായില്ല. ഈ സാഹചര്യത്തില്‍  നോട്ടുപ്രതിസന്ധിയെ രാഷ്‌ട്രീയമായിക്കൂടി നേരിടാന്‍ ഉറച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.