ചന്ദ്ര കൊച്ചാറിന്‍റെ കസേര ഇളകുന്നതായി സൂചന മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ കടുത്ത ആശങ്കയില്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്ഥാപനമാണ് ഐസിഐസിഐ

മുംബൈ: വീഡിയോക്കോണ്‍ - നെക്സസ് വായ്പ അഴിമതിയില്‍ അന്വേഷണം നടക്കുന്നതിനിടെ ചന്ദ്ര കൊച്ചാറിന്‍റെ കസേര ഇളകുന്നതായി സൂചന. ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐ.സി.ഐ.സി.ഐ. ബാങ്ക് ചെയര്‍മാന്‍ എം.കെ. ശര്‍മ്മ പ്രമുഖ മ്യൂച്വല്‍ ഫണ്ട് സ്ഥാപന മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തി. ചന്ദ്ര കൊച്ചാര്‍ ഐ.സി.ഐ.സി.ഐയ്ക്ക് പുറത്തുപോവുകയാണെങ്കില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ചചെയ്തതായാണ് സൂചന. 

ഈ കൂടിക്കാഴ്ച്ചയാണ് ചന്ദ്രയുടെ രാജി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പകരാന്‍ ഇടയാക്കിയത്. ഇതോടെ ഐസിഐസിഐ ബാങ്കിലെ ഓഹരി നിക്ഷേപകരും മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരും കടുത്ത ആശങ്കയിലായി. ഐസിഐസിഐയുടെ വാര്‍ത്താകുറിപ്പ് പ്രകാരം "സ്ഥാപനമാണ് വലുതെന്നും വ്യക്തികളല്ലെന്നും" ബാങ്ക് പറയുന്നു. 

മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്ഥാപനമാണ് ഐസിഐസിഐ. 490 സ്കീമുകളിലായി വ്യാപിച്ചുകിടക്കുകയാണ് ഇവ. ഈ മാസം ആദ്യം ആക്സിസ് ബാങ്ക് സി.ഇ.ഒ. ശിഖാശര്‍മ്മയ്ക്ക് സി.ഇ.ഒ. പദവിയില്‍ കാലാവധി കൂട്ടി നല്‍കില്ലയെന്ന വാര്‍ത്ത പുറത്തുവന്നത് ബാങ്കിങ് വ്യവസായം വലിയ ആശങ്കയോടെയാണ് കണ്ടത്. ചന്ദ്ര കൊച്ചാര്‍ കൂടി പുറത്തേക്ക് പോയാല്‍ ബാങ്കിംഗ് വ്യവസായത്തിലെ ഉന്നത പദവികളില്‍ ഒരുകാലത്ത് ശക്തമായ സ്ത്രീ സ്വാധീനതത്തിന്‍റെ കൂടി അന്ത്യമാവും അത്.