ഷില്ലോംഗ്: കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ജിഎസ്ടി ഘടനയില്‍ മാറ്റം വരുത്തുമെന്ന് രാഹുല്‍ ഗാന്ധി. ജിഎസ്ടിയെ കൂടൂതല്‍ ലഘൂകരിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. മേഘാലയ നിയമഭസഭാ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഷില്ലോംഗില്‍ നടന്ന സംവാദചടങ്ങിനിടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്. 

രാജ്യത്തുടനീളം ആര്‍എസ്എസിന്‍റെ ആശയങ്ങള്‍ക്കും അജന്‍ഡയ്ക്കുമെതിരെ പോരാടുകയാണ് കോണ്‍ഗ്രസെന്നും മേഘാലയയില്‍ പാര്‍ട്ടിയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നു വരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും രാഹുല്‍ പറഞ്ഞു. കൂടുതല്‍ സ്ത്രീകള്‍ പാര്‍ട്ടിയിലെത്തിയാല്‍ കൂടുതല്‍ വനിതകളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സാധിക്കും.

ആര്‍എസ്എസിന്‍റെ സ്ത്രീ ശാക്തീകരണം എന്നത് ഒരു തട്ടിപ്പു പരിപാടിയാണ്. ആര്‍.എസ്.എസിന്‍റെ നേതൃത്വത്തില്‍ ഒരു വനിത പോലുമില്ല. മഹാത്മാഗാന്ധിയുടെ ചിത്രത്തിലേക്ക് നോക്കിയാല്‍ അദ്ദേഹത്തിന്‍റെ ഇടതും വലതും ഒരു സ്ത്രീയെ നിങ്ങള്‍ക്ക് കാണാം. എന്നാല്‍ മോഹന്‍ ഭാഗവതിന്‍റെ ഏത് ചിത്രത്തിലും പുരുഷന്‍മാര്‍ മാത്രമേ പശ്ചാത്തലത്തിലൂണ്ടാവൂ--- രാഹുല്‍ പറയുന്നു.