ചെലവ് ചുരുക്കല്‍ വാദവുമായി ഐ.ടി മേഖലയില്‍ നടക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയുളള കൂട്ടപ്പിരിച്ചുവിടല്‍. സര്‍ക്കാര്‍ നടപടികളില്‍ നിന്ന് രക്ഷനേടാന്‍ ജീവനക്കാരെ നിര്‍ബന്ധിപ്പിച്ച് രാജിവെപ്പിക്കുകയാണ് മിക്ക കമ്പനികളും. മറ്റിടങ്ങളില്‍ ജോലി ലഭിക്കുന്നത് ഇല്ലാതാവുമെന്ന് ഭയന്ന് ജീവനക്കാര്‍ നിയമ നടപടികളെടുക്കാത്തതും കമ്പനികള്‍ക്ക് നേട്ടമാകുന്നുവെന്ന് ഈ രംഗത്തുള്ള സംഘടനകള്‍ പറയുന്നു.

ബംഗളൂരുവിലെ ഒരു വന്‍കിട ഐ.ടി സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരന്‍ പറയുന്നത് ഇങ്ങനെയാണ്. ജീവനക്കാരുടെ പ്രകടനം മോശമാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പിരിച്ചുവിടുമെന്നും ഭീഷണിപ്പെടുത്തുന്നതാണ് കമ്പനികളുടെ രീതി. പിരിച്ചുവിടുന്നതിന് മുമ്പ് വേണമെങ്കില്‍ രാജി വെയ്ക്കാന്‍ അവസരം നല്‍കാമെന്നും വാഗ്ദാനം നല്‍കും. മോശം പ്രകടനത്തിന്റെ പേരില്‍ പിരിച്ചുവിടപ്പെട്ടാല്‍ മറ്റിടങ്ങളില്‍ ജോലി ലഭിക്കുന്നതിന് തടസമാകുമെന്ന് കണ്ട് രാജിവെയ്ക്കും. ഇത്തരത്തില്‍ പിരിച്ചുവിടുന്നതിന് പകരം നിര്‍ബന്ധിത രാജിയാണ് ഇപ്പോള്‍ കമ്പനികള്‍ സ്വീകരിക്കുന്ന വഴി. തൊഴില്‍ സുരക്ഷിതത്വം ഭയന്ന് ജീവനക്കാര്‍ അതിന് നിന്നുകൊടുക്കേണ്ടി വരുന്നു.

ചെലവ് ചുരുക്കല്‍, അമേരിക്കയിലെ വിസ നിയന്ത്രണം, യന്ത്രവത്കരണം എന്നിങ്ങനെ കാരണം നിരത്തി ജീവനക്കാരോട് പുറത്തുപോകാന്‍ പറയുന്ന ഐ.ടി കമ്പനികളുടേത് അന്യായമായ നടപടികളാണ്. നഷ്‌ടക്കണക്കെന്ന കാരണത്താല്‍ പിരിച്ചുവിടല്‍ നടപടിയെടുക്കാന്‍ സ്വകാര്യ കമ്പനികള്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. ഇങ്ങനെ അനുമതി വാങ്ങി നടപടിയെടുത്താല്‍ സര്‍ക്കാരിന്റെ വക നിയന്ത്രണങ്ങള്‍ വരും. പുതിയ നിയമനങ്ങള്‍ക്കടക്കം വിലക്ക് വീഴും. ഇതൊഴിവാക്കാനാണ് ഭീഷണിപ്പെടുത്തിയുളള രാജിവാങ്ങല്‍. പിരിച്ചുവിടല്‍ ഈ വഴിക്കായതുകൊണ്ട് ഐ.ടി മേഖലയില്‍ എത്ര പേര്‍ക്ക് തൊഴില്‍ നഷ്‌ടമാകുന്നുവെന്ന യഥാര്‍ത്ഥ കണക്ക് സര്‍ക്കാരുകളുടെ കയ്യില്‍ പോലുമില്ല. എന്നാല്‍ മൂന്ന് വര്‍ഷത്തിനിടെ 50,000 തൊഴിലവസരങ്ങള്‍ ഐ.ടി രംഗത്ത് ഉണ്ടാക്കിയെന്ന കണക്കുമാത്രമുണ്ട് കര്‍ണാടക സര്‍ക്കാരിന്.

കമ്പനികളുടെ ഭീഷണിക്ക് നിന്നുകൊടുക്കാതെ സംഘടിത നീക്കങ്ങളിലൂടെ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് പിരിച്ചുവിടപ്പെടുന്ന ജീവനക്കാരോട് എണ്ണത്തില്‍ നന്നേ കുറവായ ഐ.ടി തൊഴിലാളി സംഘടനകള്‍ പറയുന്നത്.പുതിയ തൊഴിലവസരങ്ങള്‍ കുറഞ്ഞ് പ്രതിസന്ധിയേറുന്ന ഈ വര്‍ഷത്തെ പിരിച്ചുവിടല്‍ സീസണില്‍ പ്രത്യേകിച്ചും.