റിസര്‍വ് ബാങ്കിന്‍റെ പലിശാ നയത്തെ സ്വാഗതം ചെയ്ത് ഐഎംഎഫ്

ദില്ലി: പണപ്പെരുപ്പ സാധ്യത വര്‍ദ്ധിക്കുന്നത് ഒഴിവാക്കാന്‍ പലിശാ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച റിസര്‍വ് ബാങ്കിന്‍റെ നടപടിയെ ഐഎംഎഫ് (അന്താരാഷ്ട്ര നാണയ നിധി) സ്വാഗതം ചെയ്തു. ആഭ്യന്തര കാരണങ്ങള്‍ കൊണ്ടും രാജ്യാന്തര ക്രൂഡ് വില നിയന്ത്രണങ്ങളില്ലാതെ ഉയര്‍ന്ന് നില്‍ക്കുന്നത് കൊണ്ടും രാജ്യത്തിന്‍റെ സമ്പദ്ഘടനയുടെ സന്തുലനാവസ്ഥ നിലനിര്‍ത്താനായി ആര്‍ബിഐ നടത്തിയ പലിശ നിരക്ക് വര്‍ദ്ധനവിനെ അനുയോജ്യമായ നടപടിയായാണ് ഐഎംഎഫ് കാണുന്നത്. 

റിസര്‍വ് ബാങ്ക് തങ്ങളുടെ നയനിരക്കുകളില്‍ 25 അടിസ്ഥാന പോയിന്‍റുകള്‍ വര്‍ദ്ധിപ്പിച്ച നടപടിയെയാണ് ഐഎംഎഫ് സ്വാഗതം ചെയ്തത്. ഐഎംഎഫ് വക്താവ് ജെറി റൈസാണ് രണ്ടാഴ്ചയിലൊരിക്കല്‍ നടക്കുന്ന ന്യൂസ് കോണ്‍ഫറന്‍സില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.