ദില്ലി: കള്ളപ്പണത്തെക്കുറിച്ച് വിവരം ലഭിച്ചാൽ ഇ–മെയിലിലൂടെ വിവരം അറിയിക്കണമെന്ന് കേന്ദ്ര സർക്കാർ. പൊതുജനങ്ങൾ കള്ളപ്പണത്തെക്കുറിച്ച് വിവരം ലഭിച്ചാൽ blackmoneyinfo@incometax.gov.in എന്ന ഇ–മെയിൽ അഡ്രസിലൂടെ വിവരം നൽകണമെന്ന് റവന്യു സെക്രട്ടറി ഹസ്മുഖ് അധിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

ബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിച്ചാൽ അത് നല്ലപണമാകുമെന്ന് ആരും ധരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ കള്ളപ്പണം വെളിപ്പെടുത്തൽ പദ്ധതി നാളെ ആരംഭിക്കും. വെളിപ്പെടുത്തുന്ന പണത്തിന് അമ്പതു ശതമാനം നികുതിയും പിഴയും നൽകേണ്ടിവരും. ഈ പദ്ധതിയുടെ കാലാവധി വരുന്ന മാർച്ച് 31 വരെയാണെന്നും അദ്ദേഹം പറഞ്ഞു.