ദില്ലി: രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിച്ചതിന്‍റെ ഉത്തരവാദിത്വം റിസര്‍വ് ബാങ്കിനെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്ലി. ഇതോടെ കുറച്ച് കാലമായി തുടര്‍ന്ന് പോരുന്ന ആര്‍ബിഐ-കേന്ദ്ര സര്‍ക്കാര്‍ ശീതസമരം തുറന്ന പോരിലേക്ക് എത്തി. 

ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം 2008 മുതല്‍ 2014 വരെ രാജ്യത്തെ ബാങ്കുകള്‍ വകതിരിവില്ലാതെ വായ്പകള്‍ നല്‍കിയതായി ധനമന്ത്രി ആരോപിച്ചു. ഈ കാലഘട്ടത്തിലൊന്നും റിസര്‍വ് ബാങ്ക് രാജ്യത്തെ ബാങ്കുകളെ നിയന്ത്രിക്കാന്‍ ശ്രമിച്ചില്ല. ഇതോടെ കിട്ടാക്കടം വലിയ തോതില്‍ പെരുകാന്‍ കാരണമായതായി അദ്ദേഹം അറിയിച്ചു. 

അരുണ്‍ ജെയ്റ്റ്‍ലിയുടെ പരാമര്‍ശങ്ങള്‍ ആര്‍ബിഐയും കേന്ദ്ര സര്‍ക്കാര്‍ തമ്മിലുളള തര്‍ക്കം വര്‍ദ്ധിക്കാനിടയാക്കും. റിസര്‍വ് ബാങ്കിന്‍റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ സര്‍ക്കാരിന്‍റെ കൈകടത്തല്‍ ഗുരുതരമായി ബാധിക്കുന്നതായി കഴിഞ്ഞ ദിവസം ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ പറഞ്ഞിരുന്നു.