ദില്ലി: ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ക്കും ദ്രവീകൃത പ്രകൃതി വാതകത്തിനും വില കുറയ്ക്കണമെന്ന് ഇന്ത്യ സൗദി അറേബ്യയോട് ആവശ്യപ്പെട്ടു. പെട്രോളിയം വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ സൗദി അറേബ്യന്‍ മന്ത്രി ഖാലിദ് അല്‍ ഫാലിഹുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 

ഇന്ത്യയുടെ ആവശ്യം സൗദി അംഗീകരിക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്ന രാജ്യമെന്ന ബഹുമതി ഇറാഖില്‍ നിന്നും സൗദിക്ക് തിരികെ നേടാന്‍ സാധിക്കും. പതിറ്റാണ്ടുകളായി സൗദിയായിരുന്നു ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കിയിരുന്നതെങ്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സൗദിയെ മറികടന്ന് ആ പദവി ഇറാഖ് സ്വന്തമാക്കിയിരുന്നു. 

ഏഷ്യന്‍ വിപണിയില്‍ എണ്ണയ്ക്ക് വന്‍തോതില്‍ ആവശ്യം കൂടിയതോടെ എണ്ണ ഉദ്പാദക രാജ്യങ്ങളെല്ലാം ഇപ്പോള്‍ ഇവിടെയാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളെല്ലാം തന്നെ സൗദിയെ ആണ് എണ്ണയ്ക്കായി മുഖ്യമായും ആശ്രയിക്കുന്നതെങ്കിലും റഷ്യയും ഇറാനും ഇറാഖും അടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ ഏഷ്യന്‍ വിപണിയില്‍ സ്വാധീനം ശക്തമാക്കി തുടങ്ങിയിട്ടുണ്ട്. ഷെല്‍ ഓയിലിന്റെ കണ്ടുപിടുത്തതോടെ അമേരിക്കയും ഇപ്പോള്‍ എണ്ണ വിപണിയില്‍ സജീവമായി കൊണ്ടിരിക്കുകയാണ് 

എണ്ണ വിപണിയില്‍ രൂപം കൊണ്ട കടുത്ത മത്സരം നേരിടാനാണ് സൗദിയുടെ ഇപ്പോഴത്തെ ശ്രമം ഇതിന്റെ ഭാഗമായാണ് പെട്രോളിയം മന്ത്രി നേരിട്ട് ഇന്ത്യയിലെത്തി ചര്‍ച്ച നടത്തിയത്. ഇന്ത്യ നിര്‍മ്മിക്കുന്ന നാലാമത്തെ എണ്ണ സംഭരണ ശാലയുമായി സഹകരിക്കാന്‍ സൗദിയെ ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുമായി സഹകരിച്ച് ഇന്ത്യ ഭീമന്‍ എണ്ണ സംഭരണശാല ഇവിടെ നിര്‍മ്മിച്ചിരുന്നു ഇതേ രീതിയില്‍ സൗദി എണ്ണകമ്പനിയായ ആരാംകോയുമായി സഹകരിക്കാനാണ് ഇന്ത്യ താത്പര്യം അറിയിച്ചിട്ടുള്ളത്.

ഇത് കൂടാതെ പ്രതിദിനം 1.2 മില്ല്യണ്‍ ബാരല്‍ എണ്ണ സംസ്‌കരിച്ചെടുക്കാന്‍ ശേഷിയുള്ള ഒരു റിഫൈനറി പശ്ചിമതീരത്ത് സ്ഥാപിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ഈ സംരഭവുമായി സഹകരിക്കാന്‍ ആരാംകോ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സൗദി കഴിഞ്ഞാല്‍ ഇറാനാണ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്നത്. വെന്വസേല, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ് എണ്ണദാതാക്കളിലെ മറ്റു പ്രമുഖരാജ്യങ്ങള്‍.