ദില്ലി: ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാന് ചുവപ്പ് പരവതാനി വിരിക്കാനൊരുങ്ങി ഇന്ത്യ. പാകിസ്താന്റെ പരമ്പരാഗത സുഹൃത്ത് രാഷ്ട്രമായി വിലയിരുത്തപ്പെടുന്ന ജോര്‍ദാന്റെ രാഷ്ട്രത്തലവന്‍ ഫിബ്രുവരി 27-നാണ് ഇന്ത്യയിലെത്തുന്നത്. 

മോദിയുടെ സന്ദര്‍ശനത്തോടെ പുഷ്ടിപ്പെട്ട ഇന്ത്യ-ജോര്‍ദാന്‍ ബന്ധം കൂടുതല്‍ ദൃഢമാക്കുക എന്നതാണ് അബ്ദുള്ള രാജാവിന്റെ വരവിന് പിന്നിലെ പ്രധാനലക്ഷ്യം. പ്രതിരോധം, സുരക്ഷ, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളിലും തമ്മിലുള്ള സഹകരണം ശക്തമാക്കാന്‍ അബ്ദുള്ള രണ്ടാമന്റെ സന്ദര്‍ശനം വഴിതുറന്നേക്കുമെന്നാണ് വിദേശകാര്യവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി അബ്ദുള്ള രണ്ടാമനും മോദിയും ചേര്‍ന്ന് തീവ്രവാദവിരുദ്ധ പ്രസ്താവന പുറപ്പെടുവിക്കാനും സാധ്യതയുണ്ട്. എന്തായാരിക്കും ഇതിലൂടെ വരുന്ന ഫലമെന്നത് പാകിസ്താന് നിര്‍ണായകമാണ്. 

രണ്ടാഴ്ച്ച മുന്‍പ് ജോര്‍ദാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണമായിരുന്നു അവിടെ ലഭിച്ചത്. മോദിയെ തന്റെ കൊട്ടാരത്തില്‍ സ്വീകരിച്ച അബ്ദുള്ള രാജാവ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ പലസ്തീനിലെ റാമള്ളയിലെത്തിക്കാന്‍ ഹെലികോപ്ടര്‍ സൗകര്യമൊരുക്കുകയും ചെയ്തിരുന്നു. 

ഇസ്രയേലുമായി നയതന്ത്രബന്ധമുള്ള അപൂര്‍വ അറബ് രാജ്യങ്ങളിലൊന്നായ ജോര്‍ദ്ദാന്‍ പലസ്തീന്‍ പ്രശ്‌നപരിഹാരത്തിന് നിരന്തരം മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ്. അറബ് രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന മൂന്നാമത്തെ ഭരണാധികാരി എന്ന ബഹുമതിയുള്ള അബ്ദുള്ള രാജാവ് മികച്ച നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ പേരെടുത്തയാളാണ്. റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റീഡീസ് സെന്ററിന്റെ 2016-ലെ ലോകമുസ്ലീമിനുള്ള പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.