ദില്ലി: വ്യവസായ സൗഹൃദ രാജ്യങ്ങളുടെ വേള്‍ഡ് ബാങ്ക് റാങ്കിങ്ങില്‍ ഇന്ത്യ 30 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 100 ൽ എത്തി. ആകെ 190 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. ഇന്നാണ് ലോക ബാങ്ക് പട്ടിക പുറത്തുവന്നത്. ഇന്ത്യ വ്യാവസായിക സൗഹൃദ രാജ്യമായെന്നും ലോക ബാങ്ക് കണക്കുകളിൽ കുതിച്ച് ചാട്ടമാണുണ്ടായതെന്നും കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു.

2014ല്‍ 142-ാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം ഇത് 130 ആയി മാറി. ഈ വര്‍ഷം 30 സ്ഥാനങ്ങള്‍ കൂടി മെച്ചപ്പെടുത്തി 100-ാം സ്ഥാനത്തെത്തി. ഈവർഷം ഏറ്റവും കൂടുതൽ പ്രവർത്തന മികവു കാട്ടിയ രാജ്യങ്ങളുടെ പട്ടികയിൽ ആദ്യപത്തിലും ഇന്ത്യ സ്ഥാനം നേടിയിട്ടുണ്ട്. അടിസ്ഥാന മാറ്റങ്ങൾ വരുത്തിയ ഏകരാജ്യവും ഇന്ത്യയാണ്. 2003 മുതൽ നിർദേശിക്കപ്പെട്ടിരുന്ന 37 സാമ്പത്തിക പരിഷ്കാരങ്ങളിൽ പകുതിയോളം ഇന്ത്യ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് നേട്ടത്തിനു പിന്നിലെന്നും ലോകബാങ്കിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു.

ശക്തമായ മാറ്റങ്ങള്‍ നടപ്പാക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. നികുതി കാര്യക്ഷമതയുടെ കാര്യത്തിലും ഇന്ത്യക്ക് വലിയ പുരോഗതിയുണ്ട്. 189 രാജ്യങ്ങളുള്ള ഈ പട്ടികയില്‍ 172 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. ഇത് 53 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താന്‍ രാജ്യത്തിന് കഴിഞ്ഞു. പുതിയ സംരംഭങ്ങള്‍ തുടങ്ങിയതിനുള്ള റാങ്കിങ്ങില്‍ ഇന്ത്യക്ക് പഴയ 153-ാം സ്ഥാനം തന്നെയാണ് ഇപ്പോഴും. ലോക റാങ്കിങ്ങില്‍ ആദ്യ അഞ്ചിലൊരു സ്ഥാനം ലക്ഷ്യം വെച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ജെയ്റ്റ്‍ലി പറഞ്ഞു.
India Improved Ranking On Ease Of Doing Index