ദില്ലി: ഏറ്റവും അധികം കിട്ടാക്കടമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. അന്താരാഷ്ട്ര റേറ്റിം​ഗ് ഏജൻസിയായ കെയർ റേറ്റിം​ഗ് പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇന്ത്യ കിട്ടാക്കടത്തിൻെറ കണക്കിൽ അഞ്ചാം സ്ഥാനത്ത് വന്നിരിക്കുന്നത്. 

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ​ഗ്രീസ്, ഇറ്റലി, പോർച്ചു​ഗൽ, അയർലൻഡ് എന്നീ രാജ്യങ്ങളാണ്  ഇന്ത്യയേക്കാൾ മുന്നിൽ നിൽക്കുന്നത്. ഇന്ത്യയ്ക്ക് പിന്നിലുള്ള സ്പെയ്നിൻെറ നിഷ്ക്രിയ ആസ്തി ആനുപാതം 5.28 ശതമാനമാണ്. ഇന്ത്യയുടേതാവട്ടെ 9.85 ശതമാനവും. 

തീരെ കുറഞ്ഞ കിട്ടാക്കടമുള്ള രാജ്യം, കുറഞ്ഞ കിട്ടാക്കടമുള്ള രാജ്യം, ഇടത്തരംകിട്ടാക്കടമുള്ള രാജ്യം, വൻകിട്ടാക്കടമുള്ള രാജ്യം എന്നിങ്ങനെ നാലു വിഭാ​ഗങ്ങളായി തിരിച്ചാണ് രാജ്യങ്ങൾക്ക് റാങ്കിം​ഗ് നൽകിയത്. ഓസ്ട്രേലിയ,കാന്നഡ, ഹോങ്കോം​ഗ്, കൊറിയ, ബ്രിട്ടൺ എന്നീ രാജ്യങ്ങളാണ് ഏറ്റവും കുറഞ്ഞ കിട്ടാക്കടമുള്ള രാജ്യങ്ങളുടെ പട്ടികയിലുള്ളത്. ചൈന,ജർമ്മനി, ജപ്പാൻ, അമേരിക്ക തുടങ്ങിയ മുൻനിര രാജ്യങ്ങളെല്ലാം കുറഞ്ഞ കിട്ടാക്കടമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ്.ഇന്തോനേഷ്യ, തായ്ലാൻഡ്,ദക്ഷിണാഫ്രിക്ക, തുർക്കി ബ്രസീൽ തുടങ്ങിയ രാജ്യങ്ങളാണ് ഇടത്തരം കിട്ടാക്കടമുള്ള രാജ്യങ്ങളുടെ പട്ടികയിലുള്ളത്.