രാജ്യത്തെ ഹൈന്ദവ ആരാധന ക്രമത്തില്‍ പാലിനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും വലിയ പ്രാധാന്യമുളളതിനാലാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കാന്‍ കാരണമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.

ദില്ലി: രാജ്യത്തേക്ക് പാല്‍ കയറ്റുമതി ചെയ്യാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കാന്‍ തയ്യാറായി ഇന്ത്യ. എന്നാല്‍, ആന്തരിക അവയവങ്ങള്‍, മറ്റ് മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ തുടങ്ങിയവ അടങ്ങിയ കാലിത്തീറ്റ ഭക്ഷിക്കുന്ന പശുക്കളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന പാല്‍ രാജ്യത്തേക്ക് കയറ്റുമതി ചെയ്യില്ലെന്ന് അമേരിക്ക ഉറപ്പ് നല്‍കണമെന്ന് ഇന്ത്യ അറിയിച്ചു.

ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമായ ഇക്കണോമിക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ഹൈന്ദവ ആരാധന ക്രമത്തില്‍ പാലിനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും വലിയ പ്രാധാന്യമുളളതിനാലാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കാന്‍ കാരണമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ ക്ഷീരോല്‍പന്ന വിപണിയിലെ വലിയ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് അമേരിക്ക ഉഭയകക്ഷി വ്യാപാര ചര്‍ച്ചകളില്‍ പാലിന്‍റെ കയറ്റുമതിയുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചത്. അമേരിക്കയില്‍ പാല്‍ ഉല്‍പാദനം മെച്ചപ്പെടുത്താനായി കാലിത്തീറ്റയില്‍ അന്തരിക അവയവങ്ങളും, മൃഗങ്ങളു‍ടെ മാംസ അവശിഷ്ടങ്ങളും ചേര്‍ക്കാറുണ്ട്.

അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുളള പാല്‍ ഉല്‍പന്ന കയറ്റുമതിക്ക് നിലവില്‍ ഉയര്‍ന്ന നികുതിയാണ് ഇന്ത്യ ഇടാക്കുന്നത്. ഇത് വലിയ അളവില്‍ വെട്ടിക്കുറയ്ക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇന്ത്യ അനുമതി നല്‍കിയാല്‍ ഏകദേശം 700 കോടിയുടെ പാല്‍ ഉല്‍പന്നങ്ങള്‍ രാജ്യത്തേക്ക് കയറ്റുമതി ചെയ്യാനാകുമെന്നാണ് അമേരിക്കയുടെ വിശ്വാസം. ഇത് വന്‍ സാധ്യതകളാണ് അമേരിക്കന്‍ പാല്‍ ഉല്‍പാദന മേഖലയ്ക്ക് നല്‍കുന്നത്.