സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും രാജ്യം എട്ടു ശതമാനം വളര്‍ച്ച നേടുമെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു. രാജ്യത്ത് പഞ്ചവത്സര പദ്ധതി ആരംഭിച്ച ശേഷം കാര്‍ഷിക മേഖല ആദ്യമായി നാല് ശതമാനം വളര്‍ച്ച നേടാന്‍ പോകുന്നു. ഇതിന്റെ ചിറകിലേറിയാണ് എട്ടു ശതമാനം സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള കുതിപ്പ്. നടപ്പ് സാമ്പത്തിക വര്‍ഷം ഏഴു ശതമാനത്തില്‍ നിന്ന് മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച എട്ടു ശതമാനത്തിലേക്ക് എത്തുമെന്നും അര്‍ജുന്‍ റാം മേഘ്‍വാള്‍ പറഞ്ഞു.

ചൈന സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവ് നേരിടുമ്പോഴും ഇന്ത്യയുടെ ജി.ഡി.പി നിരക്ക് ഉയരുന്നത് ശുഭസൂചനയാണെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി എട്ടു ശതമാനം വളര്‍ച്ചയാണ് ചൈന കൈവരിക്കുന്നത്. വ്യാവസായി വളര്‍ച്ചയില്‍ ചൈനയുടെ തലത്തിലേക്ക് എത്താന്‍ കഴിയാത്ത എട്ട് ശതമാനം വളര്‍ച്ച കൈവരിക്കുന്നത് പ്രതീക്ഷ നല്‍കുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍.