ബെംഗളൂരു: പതിറ്റാണ്ടുകളായി ഇന്ത്യന്‍ ബിയര്‍ വിപണി അടക്കി വാഴുന്നത് വിജയ് മല്ല്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കിംഗ്ഫിഷറാണ്. വീര്യംകുറഞ്ഞ മദ്യം എന്ന നിലയില്‍ ബിയറിനെ പ്രാപിച്ച ഇന്ത്യക്കാര്‍ക്ക് ഇത്രകാലവും വിരുന്നൊരുക്കിയത് കിംഗ്ഫിഷറായിരുന്നെങ്കിലും ആ പ്രതാപത്തിന് കോട്ടം തട്ടിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ യുവത്വം വിദേശബിയറുകളോടും പുതിയ ബ്രാന്‍ഡുകളോടും താത്പര്യം കാണിച്ചു തുടങ്ങിയതോടെ കടുത്ത മത്സരമാണ് ബിയര്‍ വിപണിയില്‍ കിംഗ്ഫിഷര്‍ നേരിടുന്നത്. 

അന്താരാഷ്ട്ര മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ യൂറോമോണിറ്റര്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2011-നും 2016-നും ഇടയിലുള്ള അഞ്ച് വര്‍ഷത്തില്‍ തങ്ങളുടെ 4.3 ശതമാനം മാര്‍ക്കറ്റ് വിഹിതം കിംഗ്ഫിഷറിന് നഷ്ടമായിട്ടുണ്ട്. എങ്കിലും ബിയര്‍ വിപണിയുടെ 46 ശതമാനവും കൈയടിക്കി വച്ചിരിക്കുന്നത് കിംഗ്ഫിഷറാണ്. 

ഡച്ച് ബീര്‍ കമ്പനിയായ കാള്‍സ്‌ബെര്‍ഗും ലോകത്തെ ഏറ്റവും വലിയ മദ്യഉത്പാദകരായ ആന്‍ഹ്യൂസര്‍ ബുച്ചും ആണ് കിംഗ്ഫിഷറിന് ഭീഷണിയായി ഇന്ത്യന്‍ വിപണിയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇവരുടെ പല ബ്രാന്‍ഡുകളും അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ഇരട്ടിയോളം വര്‍ധനയാണ് വില്‍പനയിലുണ്ടാക്കിയത്. 

യൂറോമോണിറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 46 ശതമാനമാണ് വിവിധ കിംഗ്ഫിഷര്‍ ബ്രാന്‍ഡുകളുടെ വിപണിവിഹിതം. കാള്‍സ്‌ബെര്‍ഗിന്റെ ടുബോര്‍ഗ് എന്ന ബിയറാണ് ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന രണ്ടാമത്തെ ബിയര്‍ ബ്രാന്‍ഡ്. 11.1 ശതമാനമാണ് ടുബോര്‍ഗിന്റെ വിപണി വിഹിതം. കമ്പനിയുടെ കാള്‍സ്‌ബെര്‍ഗ് എന്ന ബിയറിന് 5.8 ശതമാനം വിപണി വിഹിതമുണ്ട്. ആന്‍ഹ്യൂസര്‍ ബുച്ചിന്റെ ഹെവാര്‍ഡ്‌സ് ബിയറാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മൂന്നാമത്തെ ബ്രാന്‍ഡ്. 10.7 ശതമാനമാണ് ഇതിന്റെ വിഹിതം. ബുഡൈ്വസറാണ് മറ്റൊരു ജനപ്രിയബ്രാന്‍ഡ്.