2017 - 18 ല്‍ ജിഡിപി 6.6 ശതമാനമായിരുന്നു നോമൂറയുടെ നിരീക്ഷണങ്ങളെ രാജ്യത്തെ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്

ദില്ലി: ഇന്ത്യയുടെ ജിഡിപി 7.8 ശതമാനത്തിലേക്ക് 2018 ആദ്യപാദത്തില്‍ ഉയരുമെന്ന് ജപ്പാനിലെ പ്രധാന സാമ്പത്തിക സേവനദാതാക്കളായ നെമൂറയുടെ റിപ്പോര്‍ട്ട്. 

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടില്‍ ക്രൂഡിന്‍റെ വിലയിലെ ചാഞ്ചാട്ടം വലിയ പ്രശ്നമായാണ് ചൂണ്ടിക്കാണിക്കുന്നത്. എണ്ണവില അനിയന്ത്രിതമായി കുതിച്ചുകയറിയാല്‍ ജിഡിപിക്ക് ഭീഷണിയാവും. ഇങ്ങനെയൊരു അവസ്ഥ ഉടലെടുത്താല്‍ ഇന്ത്യയിലേക്ക് വരുന്ന നിക്ഷേപങ്ങള്‍ തളരുന്നതിന് കാരണമാവും. നിക്ഷേപങ്ങള്‍ പ്രതീക്ഷിത അളവില്‍ രാജ്യത്ത് നടക്കാതിരുന്നാല്‍ ജിഡിപി പിന്നോട്ടിറങ്ങും.

2018 ന്‍റെ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ചലനം അല്‍പ്പം പതുക്കെയാവുമെന്നും നോമൂറ പറയുന്നു. ഇന്ത്യന്‍ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതിന്‍റെ മുന്നോടിയായിട്ടാവും ഇങ്ങനെ സംഭവിക്കുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതീക്ഷകള്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷം ജി.ഡി.പി. 7.4 ലേക്ക് ഉയരുമെന്നാണ്. 2017 - 18 ല്‍ ജി.ഡിപി. 6.6 ശതമാനമായിരുന്നു. നോമൂറയുടെ നിരീക്ഷണങ്ങളെ രാജ്യത്തെ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.