വിസ നടപടികള്‍ കുറച്ച് കൊണ്ട് തയ്യാറാക്കിയ പുതിയ നിയമത്തില്‍ ഇന്ത്യയ്ക്ക് ഇടമില്ല

ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും തിരിച്ചടി. വിദേശ രാജ്യങ്ങളില്‍ നിന്ന് പഠനാവശ്യങ്ങള്‍ക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിസ നടപടികള്‍ കുറച്ച് കൊണ്ട് തയ്യാറാക്കിയ പുതിയ നിയമത്തില്‍ ഇന്ത്യയ്ക്ക് ഇടമില്ല. വിസ നടപടികളില്‍ 25 രാജ്യങ്ങള്‍ക്കാണ് ലണ്ടന്‍ ഇളവ് നല്‍കിയത്. 

പഠന വിസയ്ക്കുള്ള ഇളവ് ലഭിക്കുന്ന പട്ടികയില്‍ അമേരിക്ക. കാനഡ, ന്യൂസിലന്റ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് പിന്നാലെ ചൈന, ബഹ്റിന്‍, സെര്‍ബിയ എന്നീ രാജ്യങ്ങളും ഇടം പിടിച്ചു. ടയര്‍ 4 വിസാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ, സാമ്പത്തിക, ഭാഷാ സംബന്ധിയായ വിവിധ ഇളവുകള്‍ ലഭിക്കും. 

ജൂലൈ 6 മുതലാണ് പുതിയ നിയമം പ്രാവര്‍ത്തികമാവുക. ഇന്ത്യയില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികളാണ് ഇംഗ്ലണ്ടിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്നത്. ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വീണ്ടും വീസ നടപടികള്‍ കര്‍ശനമാകുമെന്നാണ് ചുരുക്കം. നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇന്ത്യയെ പമാനിച്ചതിന് തുല്യമാണെന്ന് ഇന്ത്യന്‍ വംശജനായ വ്യവസായിയും യുകെ കൗണ്‍സില്‍ ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രസിഡന്റ് ലോര്‍ഡ് കരന്‍ ബില്ലിമോറിയ പറഞ്ഞു. 

വിദ്യാര്‍ത്ഥി വിസാ ചട്ടങ്ങളില്‍ ഇളവ് വരുത്തുന്ന ബില്ലിനെ ഏറെ പ്രതീക്ഷയോടെ കണ്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കനത്ത തിരിച്ചടിയായി ആണ് നീക്കത്തെ വിലയിരുത്തുന്നത്. ഇംഗ്ലണ്ടുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന രാജ്യമായിട്ട് കൂടി ഇന്ത്യയെ തഴഞ്ഞതില്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രതിഷേധമുണ്ട്. 

ടയര്‍ 4 വിസാ വിഭാഗത്തില്‍ പെടുന്ന രാജ്യങ്ങള്‍ അപകടം കുറഞ്ഞവയായിയാണ് കണക്കാക്കുന്നത്. ഇതനുസരിച്ച് ഇന്ത്യ അപകട സാധ്യത കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുക. ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസം തേടിയെത്തുന്നവരില്‍ ഏറിയ പങ്കും ഇന്ത്യയില്‍ നിന്ന് ഉള്ളവരായിട്ട് കൂടിയും അവഗണന നേരിട്ടുവെന്ന് ലണ്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ വ്യക്തമാക്കുന്നത് .