ഭക്ഷ്യസാധനങ്ങളുടെ വിലയില്‍ മെയ് മാസത്തില്‍ 1.60 ശതമാനം വര്‍ദ്ധന

ദില്ലി: മൊത്ത വില്‍പ്പന വില (ഡബ്ല്യു പി ഐ) അടിസ്ഥാനപ്പെടുത്തിയുളള പണപ്പെരുപ്പം ഏപ്രിലിലെ 3.18 ശതമാനത്തില്‍ നിന്നും മേയില്‍ 4.43 ശതമാനത്തിലേക്ക് ഉയരുന്നതായി കേന്ദ്ര സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട്. പതിനാല് മാസത്തിനിടയ്ക്ക് രാജ്യത്തുണ്ടാവുന്ന ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ ശതമാന വര്‍ദ്ധനവാണിത്.

പുറത്തുവന്ന വിവരമനുസരിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും പച്ചക്കറിയുടെയും വില ഉയരുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവിരങ്ങള്‍ പുറത്തുവിട്ടത്. ഭക്ഷ്യസാധനങ്ങളുടെ വിലയില്‍ മെയ് മാസത്തില്‍ 1.60 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്നും സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏപ്രില്‍ മാസം ഭക്ഷ്യ സാധനങ്ങള്‍ക്ക് 0.87 ശതമാനം വിലക്കയറ്റമായിരുന്ന ദൃശ്യമായിരുന്നത്. എന്നാല്‍ കഴിഞ്ഞമാസം അവ വലിയ തോതില്‍ ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 

ഇന്ധന, ഊര്‍ജ്ജ വിഭാഗത്തില്‍ ഏപ്രിലില്‍ 7.85 ശതമാണ് വില വര്‍ദ്ധിച്ചതെങ്കില്‍ മെയില്‍ അത് 11.22 ശതമാനത്തിലേക്കെത്തി. ഇത്തരത്തില്‍ ആവശ്യ വസ്തുക്കളുടെ വിലയില്‍ വര്‍ദ്ധന നേരിടുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ സുഗമ മുന്നേറ്റത്തിന് വലിയ തടസ്സം സൃഷ്ടിക്കുമെന്നുറപ്പാണ്.