ലക്ഷങ്ങളും കോടികളുമൊക്കെ വരുമാനമുണ്ടായിട്ടും ആദായ നികുതി അടയ്ക്കാതെ രക്ഷപെടുന്നവര്‍ക്ക് ഇനി ഫേസ്ബുക്കും ട്വിറ്ററും ഇന്‍സ്റ്റഗ്രാമുമൊക്കെ പണി തരാന്‍ തുടങ്ങും. പുതിയ കാര്‍ വാങ്ങി അതിനുമുന്നില്‍ ഞെളിഞ്ഞ് നില്‍ക്കുന്ന ചിത്രമോ വിദേശത്ത് ഗംഭീരമായി അവധി ആഘോഷിച്ചതിന്റെ വിവരണമോ ഒക്കെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അത് നോക്കി ആദായ നികുതി വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ വീട്ടിലെത്തുന്ന കാലം വിദൂരമാവില്ല.

ബാങ്ക് നിക്ഷേപങ്ങളും, വലിയ പണമിടപാടുകളുമൊക്കെ നിരീക്ഷിച്ചാണ് ഇപ്പോള്‍ ആദായ നികുതി വകുപ്പ് അധികൃതര്‍ നികുതി വെട്ടിപ്പുകാരെ നിരീക്ഷിക്കുന്നത്. ഒട്ടുമിക്ക സാമ്പത്തിക ഇടപാടുകള്‍ക്കും ആധാറും പാനും നിര്‍ബന്ധമാക്കിയിട്ടും ഇപ്പോഴും നികുതി വെട്ടിപ്പ് നിര്‍ബാധം തുടരുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷമായ പരിശോധനകള്‍ കര്‍ക്കശമാക്കുന്നതിനൊപ്പം സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ ഉള്‍പ്പെടെ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നത്. ആദായ നികുതി വകുപ്പിന് വര്‍ഷാവര്‍ഷം വ്യക്തികള്‍ സമര്‍പ്പിക്കുന്ന റിട്ടേണില്‍ കാണിക്കുന്ന വരുമാനവും ഇവരുടെ ജീവിത നിലവാരവും ഒന്നുതന്നെയാണോ എന്ന് പരിശോധിക്കുകയാവും പ്രധാന ലക്ഷ്യം. പുതിയ വാഹനങ്ങളും ആഡംബര വസ്തുക്കളുമൊക്കെ നിരന്തരം വാങ്ങിക്കൂട്ടുന്നവര്‍ ഇതിന്റെയൊക്കെ സ്രോതസ് ആദായ നികുതി റിട്ടേണില്‍ കാണിക്കാറില്ല. ഇക്കാര്യം കഴിഞ്ഞ കേന്ദ്ര ബജറ്റ് അവതരണ വേളയില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി ചൂണ്ടിക്കാട്ടിയിരുന്നു

1000 കോടിയോളം രൂപ ചിലവില്‍ 'പ്രൊജക്ട് ഇന്‍സൈറ്റ്' എന്ന പേരിലാണ് ഈ ബൃഹദ് പദ്ധതി തയ്യാറാക്കുന്നത്. ആധാര്‍ വിവരങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചാവും പ്രവര്‍ത്തനം. ലോകത്ത് പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള നിരീക്ഷണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ധനകാര്യ വകുപ്പിലെ ഉദ്ദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത്. കണക്ട് എന്ന പേരില്‍ ബ്രിട്ടന്‍ നടപ്പിലാക്കിയ നിരീക്ഷണ സംവിധാനം മാതൃകയാക്കിയാണ് ഇന്ത്യയും ഇതിനുള്ള പദ്ധതികളുണ്ടാക്കുന്നത്. ബ്രിട്ടനില്‍ വന്‍തോതില്‍ നികുതി വെട്ടിപ്പ് തടയാന്‍ ഇത്തരം വിവരശേഖരണത്തിലൂടെ കഴിഞ്ഞെന്നതും നേട്ടമായി എടുത്തുകാണിക്കപ്പെടുന്നു. ഇന്ത്യയിലെ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ നികുതി ദായകരുടെ എണ്ണത്തില്‍ 30 മുതല്‍ 40 ശതമാനം വരെ വര്‍ദ്ധനയാണ് ലക്ഷ്യമിടുന്നത്. ക്രെഡിറ്റ് കാര്‍ഡുകള്‍, മറ്റ് മാര്‍ഗങ്ങളിലൂടെയുള്ള പണം ചിലവഴിക്കലുകള്‍, വസ്തുവകകളുടെ വില്‍പ്പനയും കൈമാറ്റവും, ഓഹരി വിപണിയിലെ നിക്ഷേപം, മറ്റ് നിക്ഷേപങ്ങള്‍ എന്നിവയെല്ലാം കേന്ദ്രീകൃതമായി നിരീക്ഷിക്കുന്നതാവും ആദ്യ ഘട്ടം.

കുറേകൂടി വ്യക്തി കേന്ദ്രീകൃതമായ പരിശോധനയാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുക. ഓരോ വ്യക്തിയുടെയും പണം ചിലവഴിക്കല്‍ രീതികളും വിനിമയം ചെയ്യപ്പെടുന്ന പണത്തിന്റെ അളവും സംബന്ധിച്ച വ്യക്തമായ വിവരം സര്‍ക്കാര്‍ തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും നികുതി വെട്ടിപ്പുകാരെ കണ്ടെത്തുന്നത്. 2018 മേയ് മാസത്തോടെ പുതിയ സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങുമെന്നാണ് വിവരം. എന്നാല്‍ ഇതിനെക്കുറിച്ച് ഔദ്ദ്യോഗികമായ വിവരങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല.