റബ്ബറിന്‍റെ വിലത്തകര്‍ച്ച തടയാന്‍ ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ദേശീയ റബ്ബര്‍ നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും കേന്ദ്ര വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു.

രാജ്യത്തെ റബ്ബര്‍ വിലയിടിവില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്നതിനിടെയാണ് ദേശീയ റബ്ബര്‍ നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചത്. റബ്ബര്‍‍ വിലയിടിവ് തടയുന്നതിനായി ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടു വരാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്ത് ചില സ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും ഇത് രാജ്യവ്യാപകമാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും നിര്‍മലാ സീതാരാമന്‍ അറിയിച്ചു. നിലവില്‍ റബ്ബര്‍ ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കാവും ആനുകൂല്യം ലഭിക്കുക. ചില്ലറ വില്‍പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ടുവരില്ലെന്നും കേന്ദ്ര വാണിജ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ രണ്ടു വര്‍ഷം തികയ്‌ക്കുന്നതിന്‍റെ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനും റബ്ബര്‍ വിലയിടിവ് ശ്രദ്ധയില്‍ പെടുത്തിയിരുന്നു. റബ്ബര്‍ സംഭരണത്തിനായുള്ള താങ്ങുവില തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനവും സംയുക്തമായി റബ്ബര്‍ പ്രശ്നം പരിഹരിക്കാന്‍ പദ്ധതികള്‍ രൂപീകരിക്കാനും തീരുമാനമായി.