ദില്ലി: പ്രകൃതിവാതക രംഗത്ത് രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമായ ഗെയ്‌ലിനെ ഏറ്റെടുക്കാന്‍ മുന്‍നിര പെട്രോളിയം കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഭാരത് പെട്രോളിയം കോര്‍പറേഷനും രംഗത്ത്. ഇരുകമ്പനികളും ഗെയ്‌ലിനെ ഏറ്റെടുക്കുന്നതിനുള്ള താത്പര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. രാജ്യമെങ്ങും പ്രകൃതിവാതക വിതരണ ശൃംഖലയുള്ള ഗെയിലിനെ ഏറ്റെടുക്കുക വഴി ഊര്‍ജ്ജവിതരണ രംഗത്ത് വൈവിധ്യവത്കരണവും മേധാവിത്വം നേടുകയാണ് ഇരുകമ്പനികളും ലക്ഷ്യമിടുന്നത്.
അതേസമയം എണ്ണ-വാതക ഉത്പാദകരായ ഒന്‍.എന്‍.ജി.സിയില്‍ ലയിക്കുന്നതിനാണ് ഗെയ്ല്‍ മാനേജ്‌മെന്റ് താത്പര്യം പ്രകടിപ്പിക്കുന്നത്. ബാങ്കിംഗ് മേഖലയില്‍ എന്ന പോലെ ഇന്ധന-ഊര്‍ജ്ജ രംഗത്ത് പ്രവൃത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളെ ലയിപ്പിച്ച് ശക്തിപ്പെടുത്താനുള്ള പദ്ധതി കഴിഞ്ഞ യൂണിയന്‍ ബജറ്റിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റലി പ്രഖ്യാപിച്ചത്.
ഇതേ തുടര്‍ന്ന് പെട്രോളിയം വിതരണ കമ്പനിയായ എച്ച്.പി.സി.എല്ലിനെ (ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്) ഒ.എന്‍.ജി.സി (ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍) ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയും ലയനനടപടികള്‍ ആരംഭിക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിന് 51.1 ശതമാനം ഓഹരിയാണ് എച്ച്.പി.സി.എല്ലിലുള്ളത്. 33,000 കോടി രൂപയ്ക്കാണ് ഈ ഓഹരികള്‍ ഒ.എന്‍.ജി.സി വാങ്ങുന്നത്.
പൊതുമേഖല സ്ഥാപനമായ ഗെയ്‌ലില്‍ 54.89 ശതമാനം ഓഹരിയാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. 46,700 കോടി രൂപയാണ് ഇത്രയും ഓഹരികളുടെ മതിപ്പുവില. ഈ ഓഹരികള്‍ വാങ്ങി ഗെയ്‌ലിനെ സ്വന്തമാക്കാനാണ് ഇന്ത്യന്‍ ഓയിലും ബിപിസിഎല്ലും മുന്നോട്ട് വന്നിരിക്കുന്നത്. എന്നാല്‍ ഒ.എന്‍.ജി.സി-എച്ച്.പി.സി.എല്‍ ലയനം പൂര്‍ത്തിയാക്കിയ ശേഷമേ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ഓയില്‍ സംസ്‌കണ-വിതരണ കമ്പനിയായ ഇന്ത്യന്‍ ഓയിലിന് ഇപ്പോള്‍ തന്നെ പ്രകൃതി വാതക ടെര്‍മിനിലുകളും സിറ്റി ഗ്യാസ് പദ്ധതിയുമുണ്ട്. രാജ്യമെങ്ങും പ്രകൃതിവാതകശ്യംഖലയുള്ള ഗെയ്‌ലിനെ സ്വന്തമാക്കിയാല്‍ ഭാവിയില്‍ പ്രകൃതിവാതക രംഗത്ത് മുന്നേറാം എന്നാണ് ഇന്ത്യന്‍ ഓയില്‍ കണക്ക് കൂട്ടുന്നത്. പ്രകൃതി സൗഹൃദ ഇന്ധനങ്ങളിലേക്കും വാതകങ്ങളിലേക്കും രാജ്യം ചുവടുവയ്ക്കുന്ന കാലത്ത് ഗെയ്‌ലിലൂടെ പ്രകൃതിവാതക വ്യാപരത്തിലേക്ക് കടക്കാനാണ് ബിപിസിഎല്ലും ആഗ്രഹിക്കുന്നത്.
