കഴിഞ്ഞ 12 പാദങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ ഐടി മേഖലയിലുണ്ടായത് ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തിലാണ്.

ചെന്നൈ: കഴിഞ്ഞ മാസം അവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികള്‍ നിയമനങ്ങള്‍ വര്‍ദ്ധിപ്പിച്ചതായി കണക്കുകള്‍. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്, വിപ്രോ, ഇന്‍ഫോസിസ് എന്നീ കമ്പനികള്‍ രണ്ടാം പാദത്തില്‍ വന്‍ തോതില്‍ തൊഴില്‍ നല്‍കി. 

കഴിഞ്ഞ 12 പാദങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ ഐടി മേഖലയിലുണ്ടായത് ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തിലാണ്. യുഎസ് ഐടി കമ്പനിയായ കോഗ്നിസെന്‍റും നിരവധി പേര്‍ക്ക് നിയമനം നല്‍കി. 

രാജ്യത്തെ പ്രമുഖ നാല് കമ്പനികളായ ഇവര്‍ ചേര്‍ന്ന് രണ്ടാം പാദത്തില്‍ 34,048 ജീവനക്കാരെയാണ് നിയമിച്ചത്. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം പാദത്തില്‍ ഇന്‍ഫോസിസിന്‍റെയും കോഗ്നിസെന്‍റിന്‍റെയും നിയമന നടപടികള്‍ വളരെ കുറവായിരുന്നു. എന്നാല്‍, ഈ വര്‍ഷം മുന്‍ വര്‍ഷത്തെ ഇതേ പാദത്തേക്കാള്‍ അഞ്ചിരട്ടി നിയമനങ്ങള്‍ ഇന്ത്യന്‍ ഐടി മേഖലയില്‍ കൂടുതലായിരുന്നു.