ബംഗളുരു: പേരെടുത്ത വലിയ കമ്പനികള്‍ പോലും ജീവനക്കാരെ ഒരു സുപ്രഭാതത്തില്‍ കൂട്ടമായി പിരിച്ചുവിടുന്ന നടപടികളിലേക്ക് കടന്നതോടെയാണ് രാജ്യത്തെ ഐ.ടി കമ്പനികള്‍ നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയുടെ ആഴം വ്യക്തമായത്. മാസങ്ങള്‍ കഴിഞ്ഞിട്ടും അത്ര ശുഭകരമായ വാര്‍ത്തകളല്ല ഐ.ടി മേഖലയില്‍ നിന്നും കേള്‍ക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം തുടങ്ങിയതുമുതല്‍ രാജ്യത്തെ ആറ്‌ പ്രമുഖ ഐ.ടി. കമ്പനികള്‍ മാത്രം നാലായിരത്തിലധികം പേരെ പിരിച്ചുവിട്ടെന്നാണ് കണക്കുകള്‍.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഐ.ടി രംഗത്ത് വന്‍ കുതിപ്പാണുണ്ടായത്. 60,000-ത്തോളം പേർക്ക് ഈ കാലയളവില്‍ പുതുതായി ജോലി ലഭിച്ചിരുന്നു. രാജ്യത്തിന്റെ ഐ.ടി തലസ്ഥാനമായ ബംഗളുരുവില്‍ തന്നെയാണ് ഏറ്റവുമധികം ആശങ്ക നിലനില്‍ക്കുന്നത്. 15 ലക്ഷത്തോളം പേരാണ് ഇവിടെ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നത്. പ്രമുഖ കമ്പനികൾ മാത്രമാണ് തൊഴിൽ നഷ്ടപ്പെട്ടവരുടെ കണക്കുകൾ വ്യക്തമാക്കിയിട്ടുള്ളത്. ചെറുകിട കമ്പനികളാണ് ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്നതില്‍ ഭൂരിഭാഗവും. ഇവയില്‍ നിന്നും പിരിച്ചുവിടപ്പെട്ടവരുടെ കണക്കുകള്‍ ആര്‍ക്കും അറിയുകയുമില്ല. അര ലക്ഷത്തിലേറെ പേര്‍ക്ക് ഈ വര്‍ഷം തന്നെ ജോലി നഷ്ടപ്പെട്ടുവെന്നാണ് ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരെ പ്രതിഷേധിക്കാന്‍ നാല് മാസങ്ങള്‍ക്ക് മുമ്പ് ഐ.ടി രംഗത്തെ ആദ്യ തൊഴിലാളി യൂണിയനും ജന്മം കൊണ്ടു. സ്ഥാപന മേധാവികള്‍ക്കെതിരെ ശബ്ദമുയര്‍ത്തി ശീലമില്ലാതിരുന്ന ഐ.ടി രംഗത്ത് പുതിയ പ്രവണതയായിരുന്നു ഇത്. 

പ്രമുഖ ഐ.ടി. കമ്പനികളായ കോഗ്നിസന്റ്, ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ., ടെക് മഹീന്ദ്ര, ടി.സി.എസ്. എന്നീ കമ്പനികളിൽ ജീവനക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. കഴിഞ്ഞ മാർച്ചിൽ ഈ കമ്പനികളിൽ 12,47,934 ജീവനക്കാരുണ്ടായിരുന്നത് സെപ്റ്റംബറായതോടെ 12,43,777 ആയി കുറഞ്ഞുവെന്നാണ് കണക്ക്. അമേരിക്കയിലെ എച്ച് 1 ബി വിസ നിയന്ത്രണം, കമ്പനികളുടെ ചെലവുചരുക്കൽ, ഓട്ടോമേഷൻ, തുടങ്ങിയവയാണ് ജീവനക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമെന്നാണ് കണക്കാക്കുന്നത്.