കള്ളപ്പണ വേട്ടയുടെ ഭാഗമായി ഹവാല ഇടപാടുകള്‍ക്ക് ഇടനിലക്കാരവുന്നവരെ ഉള്‍പ്പെടെ ആദായ നികുതി വകുപ്പ് നിരീക്ഷിക്കുകയാണ്. ഇതിനിടെയാണ് നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസിലെ പ്രതി ലിസി സോജനും സുഹൃത്തുകളും കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത്. മറ്റാര്‍ക്കോ വേണ്ടി കള്ളപ്പണം മാറാന്‍ ഇവര്‍ ഇടനിലക്കാരാവുകയായിരുന്നു. ഒരു കോടിയുടെ പഴയ നോട്ടുകള്‍ കൊടുക്കുമ്പോള്‍ 70 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ നല്‍കാമെന്ന ധാരണയിലാണ് ഇവര്‍ നോട്ടുകള്‍ മാറ്റുന്നത്. ഇടപാടുകാരെന്ന വ്യാജേന ഇവരെ കൊച്ചി സ്റ്റേഡിയത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയപ്പോള്‍ 10 കോടി രൂപയുടെ ചെക്ക് ഇവരുടെ പക്കലുണ്ടായിരുന്നു. പൊലീസിനെയും ഇന്‍കം ടാക്സ് അധികൃതരെയും കണ്ട ഉടനെ സംഘത്തിലെ രണ്ട് പേര്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഓരാളെ ഓടിച്ചിട്ട് പിടിച്ചു. ഇവരെ ഉപയോഗിച്ച് ആരാണ് കള്ളപ്പണം വെളിപ്പിക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ അന്വേഷിക്കുന്നത്.