ദില്ലി: സിഗരറ്റ് പാക്കറ്റിന്റെ 85% ആരോഗ്യ മുന്നറിയിപ്പിനായി നീക്കിവയ്ക്കണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിജ്ഞാപനം നടപ്പാക്കാനുള്ള സുപ്രീം കോടതി വിധിക്കു പിന്നാലെ, രാജ്യത്തെ ഏറ്റവും വലിയ സിഗരറ്റ് നിര്‍മാതാക്കളായ ഐടിസി അവരുടെ ഇന്ത്യയിലെ എല്ലാ പ്ലാന്റുകളും അടച്ചിട്ടതായി റിപ്പോര്‍ട്ട്. വിപണിയില്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ് ഉത്പാദനം നിര്‍ത്തിവയ്ക്കുന്നതെന്ന് കമ്പനി പറയുന്നു.

സിഗരറ്റ്, ബീഡി പാക്കറ്റുകളുടെ അഞ്ചു ശതമാനം ഭാഗമാണ് പുകവലിയുടെ ദൂഷ്യഫലങ്ങള്‍ വ്യക്തമാക്കുന്നതിന് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇത് 85 ശതമാനമാക്കി ഉയര്‍ത്തണമെന്നാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്.

ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ് സിഗരറ്റ് കമ്പനികള്‍ കര്‍ശനമായി പാലിക്കണമെന്ന് ഇന്നലെ സുപ്രീം കോടതി സിഗരറ്റ് കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.