കുവൈറ്റ് സിറ്റി: കുവൈറ്റിലെ ചെലവ് കുറഞ്ഞ വിമാനക്കമ്പനി ജസീറ എയര്‍വെയ്സ് കേരളത്തില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്നു. കൊച്ചി അടക്കമുള്ള നാല് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഈ വര്‍ഷം തന്നെ സര്‍വ്വീസ് ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. ആദ്യ ഘട്ടമായി നവംബര്‍ 16 മുതല്‍ ഹൈദരാബാദില്‍ നിന്ന് കുവൈറ്റിലേക്കുള്ള സര്‍വ്വീസുകള്‍ ആരംഭിക്കും. പിന്നാലെ കൊച്ചി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്ന് ഡിസംബര്‍ പകുതിയോടെ സര്‍വ്വീസ് ആരംഭിക്കുമെന്നാണ് ജസീറ എയര്‍വെയ്സ് സി.ഇ.ഒ രോഹിത് രാമചന്ദ്രന്‍ അറിയിച്ചത്.
കുറഞ്ഞ ചിലവില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാനുള്ള ജസീറ എയര്‍വെയ്സിന്റെ പദ്ധതികളുടെ ഭാഗമായാണ് ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി സര്‍വ്വീസ് വ്യാപിപ്പിക്കുന്നത്. ഹൈദരാബാദില്‍ നിന്ന് എല്ലാ ദിവസവും വൈകുന്നേരം 6.40ന് പുറപ്പെടുന്ന വിമാനം രാത്രി 01.35ന് കുലൈറ്റിലെത്തും. മറ്റ് നഗരങ്ങളില്‍ നിന്നുള്ള സര്‍വ്വീസ് ഷെഡ്യൂള്‍ കമ്പനി ഉടന്‍ പുറത്തുവിടും. കുവൈറ്റ്-ഹൈദരാബാദ് റൂട്ടില്‍ 32 കുവൈറ്റ് ദിനാര്‍ (6875 ഇന്ത്യന്‍ രൂപ) മുതലാണ് ടിക്കറ്റ് നിരക്കുകള്‍. A320 വിമാനങ്ങളില്‍ ഇക്കണോമി ക്ലാസുകളില്‍ 30 കിലോയും ബിസിനസ് ക്ലാസുകളില്‍ 50 കിലോയും ലഗേജ് അനുവദിക്കും. jazeeraairways.com എന്ന വെബ്സൈറ്റ് വഴിയോ കമ്പനിയുടെ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
