ആസ്തി 15 കോടി ഡോളർ ആമസോണ്‍ തുടങ്ങിയത് മുപ്പതാം വയസില്‍
ന്യൂയോര്ക്ക്: ലോകത്തെ കോടീശ്വരന്മാരിൽ ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് വീണ്ടും ഒന്നാമത്. 150 ബില്യണ് ഡോളറാണ് ആസ്തി. ‘ബ്ലൂംബർഗ് ബില്യണർസ് ഇൻഡക്സ്’ മാസിക പ്രസിദ്ധീകരിച്ച പട്ടികയിൽ 55 ബില്യണ് അമേരിക്കൻ ഡോളറിന്റെ ആസ്തിയുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് രണ്ടാമതെത്തി.
കഴിഞ്ഞ ദിവസം ആമസോൺ നടത്തിയ 36 മണിക്കൂർ സമ്മർ സെയിൽ ഇവന്റിലൂടെ ഓഹരികളുടെ മൂല്യം കുതിച്ചുയർന്നതാണ് ജെഫ് ബെസോസിന്റെ ആസ്തിമൂല്യം വർധിക്കാന് കാരണം. അമ്പത്തിനാലുകാരനായ ബെസോസിന് ആമസോണിന്റെ 17 ശതമാനം ഓഹരികളാണ് സ്വന്തമായുള്ളത്. ലോകത്തെ ഏറ്റവും വലിയ ഓണ്ലൈന് വ്യാപാരക്കമ്പനിയാണ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആമസോൺ.
ആമസോണിനെ കൂടാതെ ബ്ലൂ ഒറിജിൻ എന്ന റോക്കറ്റ് ബിസിനസും വാഷിംഗ്ടൺ പോസ്റ്റ് പത്രവും ബെസോസിന്റേതാണ്. 2013ലാണ് വാഷിംഗ്ടൺ പോസ്റ്റിനെ അദ്ദേഹം സ്വന്തമാക്കിയത്. ലോകത്തെ വിലപിടിപ്പുള്ള കമ്പനികളിൽ രണ്ടാം സ്ഥാനത്താണ് ആമസോൺ. 1964 ജനുവരി 12ന് ജാക്കലീന്റെയും ടെഡ് ജോര്ഗെന്സന്റെയും മകനായാണ് ജനിച്ചത്.
ജെഫിന് രണ്ട് വയസ്സുള്ളപ്പോള് അച്ഛനും അമ്മയും ബന്ധം വേര്പ്പെടുത്തി. ക്യൂബയില് നിന്ന് അമേരിക്കയിലെത്തി സ്ഥിരതാമസമാക്കിയ മിഗുവേല് ബെസോസിനെ അമ്മ വിവാഹം കഴിക്കുന്നതോടെയാണ് ജെഫ് അമേരിക്കയിലെത്തുന്നത്. ഇന്റര്നെറ്റിന്റെ സാധ്യതകളെ കുറിച്ച് ലോകം തിരിച്ചറിയും മുന്പ് 1994ൽ ജെഫ് ആമസോണിന് രൂപം നല്കി. അന്ന് 30 ആയിരുന്നു ജെഫിന്റെ പ്രായം. പുസ്തകങ്ങള് ഓണ്ലൈനായി വില്പന നടത്തിക്കൊണ്ടാണ് ആമസോണിന്റെ തുടക്കം. പ്രിന്സ്റ്റണ് സര്വകലാശാലയിലെ ബിരുദപഠനത്തിനുശേഷമാണ് സ്വന്തമായി സംരംഭം ആരംഭിച്ചത്.
