ദില്ലി: റിലയന്‍സ് ജിയോ വഴി ഇന്ത്യന്‍ ടെലികോം മേഖലയെ ഇളക്കിമറിച്ച മുകേഷ് അംബാനി പുതിയ വിവപ്ലത്തിനൊരുങ്ങുന്നു. ഫ്‌ളിപ്കാര്‍ട്ടും ആമസോണും അടക്കിവാഴുന്ന ഇന്ത്യന്‍ ഇ-കോമേഴ്‌സ് രംഗത്തേയ്ക്കാണ് ഇനി മുകേഷ് അംബാനി ചുവടു വയക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഓണ്‍ലൈന്‍ വ്യാപരത്തേക്കാള്‍ ഓഫ്‌ലൈന്‍ വ്യാപരമാണ് ജിയോ ലക്ഷ്യമിടുന്നത്.
കണക്കുകള്‍ അനുസരിച്ച് 65,000 കോടി രൂപയുടെ വ്യാപരമാണ് രാജ്യത്തെ ചെറുകിട വ്യാപരമേഖലയില്‍ നടക്കുന്നത്. ഇതില്‍ 3-4 ശതമാനം മാത്രമാണ് ഇ-കൊമേഴ്‌സ് സൈറ്റുകളിലൂടെ നടക്കുന്നത്. എട്ട് ശതമാനം വ്യാപാരം ബിഗ് ബസാര്‍ പോലുള്ള സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളിലൂടെയാണ്. അവശേഷിക്കുന്ന 90 ശതമാനം വ്യാപാരം നടക്കുന്നത് അംസഘടിതചെറുകിട വ്യാപരമേഖലയിലാണ്. കോടിക്കണക്കിന് ഉപഭോക്താകളുള്ള ഈ മേഖലയെ ലക്ഷ്യമിട്ടു കൊണ്ടാണ് മുകേഷ് അംബാനി ഇപ്പോള്‍ മുന്നോട്ട് നീങ്ങുന്നത്.
ഇന്ത്യന്‍ മൊബൈല്‍ ഉപഭോക്താക്കളില്‍ 15 ശതമാനം പേര്‍ ജിയോ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ഈ ഉപഭോക്താക്കളിലൂടെയാണ് റിലയന്‍സ് തങ്ങളുടെ റീട്ടെയ്ല്‍ വ്യാപാരത്തിന്റെ ആദ്യശൃംഖല ആരംഭിക്കുക. ഡിജിറ്റല്‍ കൂപ്പണുകളിലൂടെയാണ് ജിയോയുടെ റീട്ടെയ്ല്‍ വ്യാപാരം. നിലവില്‍ ഒരു ആമസോണോ ഫിള്പ്പ്കാര്‍ട്ടോ പോലുള്ള ഒരു ഇ-കൊമേഴ്‌സ് സൈറ്റില്‍ കയറുന്ന ഉപഭോക്താവ് വിലയും മറ്റു ഘടകങ്ങളും പരിശോധിച്ച് തങ്ങള്‍ക്കിഷ്ടപ്പെട്ട ഉല്‍പന്നം ഓര്‍ഡര്‍ ചെയ്യുകയാണ് ചെയ്യുന്നത്. ഉപഭോക്താവ് പ്രധാനനഗരങ്ങളിലെവിടെയെങ്കിലുമാണ് ഡെലിവറി അഡ്രസ്സ് നല്‍കിയതെങ്കില്‍ ഒരു ദിവസം മുതല്‍ ഒരാഴ്ച്ച വരെ സമയത്തിനുള്ളില്‍ ഉല്‍പ്പന്നം ഡെലിവര്‍ ചെയ്യപ്പെടും. നഗരം,ഉല്‍പന്നം, കൊറിയര്‍ കമ്പനി തുടങ്ങിയ പലഘടകങ്ങള്‍ അനുസരിച്ചാവും ഡെലിവറിയുടെ സമയം നിര്‍ണയിക്കപ്പെടുക. മുന്‍നിരനഗരങ്ങളിലേക്ക് മാത്രമേ ഡെലിവറി സര്‍വ്വീസ് ഉണ്ടാവുകയുള്ളൂ എന്ന ന്യൂനതയുമുണ്ട്.
എന്നാല്‍ ജിയോ കൂപ്പണ്‍ ഉപയോഗിച്ചുള്ള ബിസിനസില്‍ ഇത്തരം സങ്കീര്‍ണതകള്‍ ഇല്ല. ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഡിജിറ്റല്‍ കൂപ്പണുകളുമായി അടുത്തുള്ള കടയില്‍ പോയി ഉപഭോക്താകള്‍ക്ക് സാധനങ്ങള്‍ വാങ്ങാം.ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്കാവും ഈ നിരക്കിളവ് ലഭിക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ ചെന്നൈ, മുംബൈ, അഹമ്മദാബാദ് എന്നീ നഗരങ്ങളില്‍ ജിയോ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ജിയോ മണിയിലൂടെയോ ടെക്‌സ്റ്റ് മെസേജ് വഴിയോ ആളുകള്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ അവസരമുണ്ട്. അതായത് ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കിലും വ്യാപാരം നടത്താം എന്നര്‍ത്ഥം.
ചെറുനഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും തങ്ങളുടെ സേവനമെത്തിക്കാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരും എന്ന് കണക്കുകൂട്ടുന്ന ജിയോ വലിയ സാധ്യതയാണ് ഈ മേഖലയില്‍ കാണുന്നത്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന ജിയോ കൊമേഴ്‌സ് പദ്ധതി ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയ ശേഷം 2018-ല്‍ രാജ്യവ്യാപകമായി നടപ്പാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കെല്ലാം വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതാണ് ജിയോയുടെ വരവ്. ഈ ബിസിനസില്‍ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കാന്‍ ഒരു വേര്‍ഹൗസോ ഗോഡൗണോ ഒന്നും ജിയോക്ക് ആവശ്യമില്ല. വിതരണക്കാരെ ആവശ്യമില്ല, ഡെലിവറിക്ക് ചിലവുമില്ല.
മുകേഷ് അംബാനിയുടെ ഉടമസ്ഥതിയിലുള്ള റിലയന്‍സ് റീട്ടെ്‌ലിന് രാജ്യത്തെ 679 നഗരങ്ങളിലായി 3634 സ്‌റ്റോറുകളുണ്ട്. ജിയോയുടെ ഡിജിറ്റല്‍ കൂപ്പണ്‍ ശൃംഖലയിലെ ആദ്യഘടകം ഈ റിലയന്‍സ് സ്റ്റോറുകളാവും. ഇതിലേക്ക് ചെറുകിട വ്യാപാരികളെ ചേര്‍ത്തു കൊണ്ട് രാജ്യമെങ്ങും ജിയോക്ക് വ്യാപാരം നടത്താം. ആമസോണിനോ ഫിള്പ്പ്കാര്‍ട്ടിനോ ഇത്രവിപുലമായ ഒരു വ്യാപാരശൃംഖലയില്ല. മാത്രമല്ല റിലയന്‍സ് മണി ഉപയോഗിച്ച് വിനിമയം നടത്താന്‍ സൗകര്യമുള്ളതിനാല്‍ പേ ടിഎം, ഫോണ്‍ ഫേ, ഫ്രീചാര്‍ജ്ജ്, മൊബിവിക്കീ തുടങ്ങിയവര്‍ക്ക് ജിയോ വെല്ലുവിളി ഉയര്‍ത്തും. ഇന്ത്യന്‍ ടെലികോം മേഖലയില്‍ ജിയോ കൊണ്ടു വന്നതിന് സമാനമായ വിപ്ലവമാണ് ജിയോ ഡിജിറ്റല്‍ കാര്‍ഡുകളിലൂടെ റീട്ടെയ്ല്‍ വ്യാപരരംഗത്തും കമ്പനി പ്രതീക്ഷിക്കുന്നത്. ജിയോയുടെ വരവിനെ തുടര്‍ന്നുള്ള കടുത്ത മത്സരം നേരിടാനാവാതെ പല മൊബൈല്‍ കമ്പനികളും പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ പരസ്പരം ലയിക്കുകയോ ചെയ്തിരുന്നു. രാജ്യത്ത് മൊബൈല്‍ ഡാറ്റ നിരക്ക് കുത്തനെ ഇടിയുന്നതിനും ജിയോ കാരണമായി. ഇതേ രീതിയിലൊരു വിപ്ലവം രാജ്യത്തെ ചെറുകിട വ്യാപരരംഗത്തുണ്ടാക്കാന്‍ ജിയോക്ക് സാധിക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ട കാര്യം.
