കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗേജില്‍ നിന്നും സാധനങ്ങള്‍ കാണാതായി. പൊന്നാനി സ്വദേശി ഡോ. അനീസ് അറക്കലിനാണ് രണ്ടര ലക്ഷം രൂപ വില വരുന്ന സാധനങ്ങള്‍ നഷ്ടമായത്. 

അമേരിക്കയിലെ സാന്‍ യുവാന്‍ ദ്വീപില്‍ നിന്നും ന്യൂയോര്‍ക്ക്- ദോഹ വഴിയാണ് ഇദ്ദേഹം കരിപ്പൂരില്‍ എത്തിയത്. വില കൂടിയ അഞ്ച് വാച്ചുകള്‍ അടക്കമുള്ളവയാണ് നഷ്ടമായത് അനീസ് പറയുന്നു. 

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ബാഗുകളില്‍ നിന്നും നേരത്തേയും പല സാധനങ്ങളും നഷ്ടമായിരുന്നു. ഈ സംഭവം വലിയ വിവാദമായതിനെ തുടര്‍ന്നുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് യാത്രക്കാരനില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ വീണ്ടും കാണാതായിരിക്കുന്നത്. 

ദുബായ് വിമാനത്താവളത്തിലെ രണ്ടാമത്തെ ടെര്‍മിനലില്‍ നിന്നും വരുന്ന യാത്രക്കാരുടെ സാധനങ്ങളാണ് കാണാതാവുന്നതെന്നും കരിപ്പൂരില്‍ സുരക്ഷാവീഴ്ച്ചയുണ്ടായിട്ടില്ലെന്നുമായിരുന്നു സംഭവത്തില്‍ കരിപ്പൂരിലെ കാര്‍ഗോ വിഭാഗത്തിന്റെ ഇതുവരെയുള്ള നിലപാട്.