നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ 24 മണിക്കൂര്‍ ലോക വിനോദ സഞ്ചാര പട്ടികയില്‍ ഇടം പിടിച്ച കേരളത്തില്‍ നിന്നുള്ള ഒരേ ഒരു ഇടമാണ് കാക്കത്തുരുത്ത്. ഒരു ദിവസം കൊണ്ട് ലോകം ചുറ്റിയാല്‍ കാണേണ്ട ഇടം. ദേശീയ പാതവഴി എരമല്ലൂരിലെത്തി അവിടെ നിന്ന് അല്‍പം കിഴക്കോട്ട് നീങ്ങിയാല്‍ വേമ്പനാട് കായലിലെ ഈ തുരുത്തിലെത്താം. കടത്തുവള്ളം കയറി കായല്‍ കടന്നാല്‍ കാക്കത്തുരുത്തായി. കാക്കള്‍ വന്ന് ചേക്കേറുന്ന പ്രദേശമായതിനാലാണ് കാക്കത്തുരുത്ത് എന്ന പേര് വന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഒരു കിലോമീറ്റര്‍ വീതിയും മൂന്ന് കിലോമീറ്റര്‍ നീളവുമുള്ള ഇത്തിരിപ്പോന്ന ഒരു ദ്വീപാണ് കാക്കത്തുരുത്ത്. ആകെ 300ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. തുരുത്തിനോളം പ്രായമുള്ള രണ്ട് കടത്തുവള്ളങ്ങളാണ് ഇവിടെയുള്ളത്. ഒരു ആയൂര്‍വ്വേദ ആശുപത്രിയിലും ഒരു അംഗനവാടിയിലും ഒതുങ്ങുന്നതാണ് ഇവിടുത്തെ സര്‍ക്കാര്‍ ഇടപെടല്‍. കരയുമായി ബന്ധപ്പെടാന്‍ പാലം വേണമെന്ന ആവശ്യത്തിന് ദീര്‍ഘനാളത്തെ പഴക്കമുണ്ട്. പരിമിതമായ സാഹചര്യത്തിലും നന്മ വിടാത്ത നാട്ടുകാരാണ് ഈ തുരുത്തിന്റെ സമ്പാദ്യം. നാഷണല്‍ ജ്യോഗ്രഫിക് മാസികയെ ഇവിടേക്ക് ആകര്‍ശിച്ചത് ഈ പ്രദേശത്തിന്റെ പ്രശാന്തതയായിരിക്കുമെന്ന് ഇവിടുത്തെ താമസക്കാരന്‍ കൂടിയായ ചരിത്രകാരന്‍ പി.കെ മൈക്കിള്‍ തരകന്‍ പറയുന്നു.

ഇവിടെയെത്തി അസ്തമയ സൂര്യനെ കാണണമെന്നാണ് നാഷണല്‍ ജ്യോഗ്രഫിക് മാസിക പറയുന്നത്. ആകാശച്ചെരുവില്‍ ചെഞ്ചായം പൂശി സൂര്യന്‍ ഇവിടെ നിന്നും വിടപറയുന്ന കാഴ്ച ഇവിടെ നിന്ന് കാണാന്‍ പ്രത്യേക സൗന്ദര്യം തന്നെയാണ്. ഇരുള്‍ പരക്കുമ്പോള്‍ നീലാകാശം പതുക്കെ ചുവപ്പ് രാശിയിലേക്ക് നീങ്ങും. അസതമയ സൂര്യന്റെ കിരണങ്ങള്‍ കായലോളങ്ങള്‍ ഏറ്റുവാങ്ങുന്ന കാഴ്ചയാണ് സഞ്ചാരികളെ മനംമയക്കുന്നത്. ലോക ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ചതോടെ കാക്കത്തുരുത്തിനും ശോഭനമായ ഭാവിയിലേക്ക് ഇടം തുറക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.