തിരുവനന്തപുരം: സാധാരണക്കാരന് ആധൂനിക ബാങ്കിങ് അനുഭവം നല്‍കാന്‍ കഴിയുന്ന തരത്തിലാണ് കേരള ബാങ്ക് രൂപീകരിക്കുന്നതെന്ന് സഹകരണ മന്ത്രി കടകംപളളി സുരേന്ദ്രന്‍. കേരളത്തിലെ സഹകരണ മേഖലയിലെ ആധുനിക വത്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളില്‍ കോര്‍ ബാങ്കിംഗ് നടപ്പാക്കി വരികയാണെന്നും മന്ത്രി അറിയിച്ചു.

കേരള ബാങ്ക് രൂപീകൃതമാകുന്നതോടെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയാത്ത പ്രവൃത്തികള്‍, കേരള ബാങ്കിന്റെ പ്രതിനിധി എന്ന നിലയില്‍ അവര്‍ക്ക് ചെയ്യാനുളള സംവിധാനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചന. പദ്ധതി നടപ്പായാല്‍ ബാങ്കിങ് സേവനം കേരളത്തിലെ ഓരോ കോണിലും എത്തുന്ന അവസ്ഥ ഉണ്ടാവും. മറ്റ് പൊതു മേഖല ബാങ്കുകള്‍ക്ക് നല്‍കാന്‍ കഴിയുന്ന എല്ലാ പ്രവര്‍ത്തികളും ചെയ്യാന്‍ സാധിക്കുന്ന തരത്തിലാവും കേരളാ ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുക. 

സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളെയും സംയോജിപ്പിച്ച് രൂപീകരിക്കുന്ന കേരള ബാങ്ക് ഓണത്തോടെ നിലവില്‍ വരുമെന്നാണ് സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചത്.