തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണം സംബന്ധിച്ചു പഠനം നടത്താന്‍ സര്‍ക്കാര്‍ രൂപീകരിച്ച ഡോ. ശ്രീറാം സമിതി നാളെ മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങുക, ബാങ്ക് രൂപീകരണത്തിനു തടസ്സം നില്‍ക്കുന്ന സംസ്ഥാന നിയമങ്ങള്‍ ഭേദഗതി ചെയ്യുക, ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കുന്ന പുതിയ സംവിധാനം കൊണ്ടുവരുക തുടങ്ങിയ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമെന്നാണു സൂചന. 

സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകള്‍ ഏകോപിപ്പിച്ചാണു കേരള ബാങ്ക് രൂപീകരിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തിയത്. സമിതി നല്‍കുന്ന റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ പ്രത്യേക സാമൂഹിക, രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ചു സര്‍ക്കാര്‍ മാറ്റം വരുത്തും.