Asianet News MalayalamAsianet News Malayalam

ഒന്നുകില്‍ എയര്‍പോര്‍ട്ട് അതോറിറ്റി അല്ലെങ്കില്‍ സര്‍ക്കാര്‍, വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ഒന്നുകില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയെ ഏല്‍പ്പിക്കുകയോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കുകയോ വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Kerala CM not ready to support airport privatisation process of AAI
Author
Thiruvananthapuram, First Published Feb 19, 2019, 12:55 PM IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണ നടപടികള്‍ക്ക് പിന്നില്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യന്തര വിമാനത്താവളത്തിന്‍റെ നടത്തിപ്പ് കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ഒന്നുകില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയെ ഏല്‍പ്പിക്കുകയോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കുകയോ വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അദാനി എന്‍റര്‍പ്രൈസസും, ജിഎംആര്‍ എയര്‍പോര്‍ട്ട്സും, യുകെയിലെ ക്യാപിറ്റല്‍ ഇന്‍വെസ്റ്റേഴ്സ്. നാഷണല്‍ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ ഫണ്ട് (എന്‍ഐഐഎഫ്) തുടങ്ങിയ സ്ഥാപനങ്ങളാണ് വിമാനത്താവളം ഏറ്റെടുക്കാനുളള ലേലത്തില്‍ പങ്കെടുക്കുന്നത്.  

വിമാനത്താവളങ്ങള്‍ നിയന്ത്രിക്കാനും പ്രവര്‍ത്തിപ്പിക്കാനും വികസിപ്പിക്കാനുമുളള അനുമതിയാണ് കമ്പനികള്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ലേലത്തില്‍ വയ്ക്കാന്‍ പോകുന്ന ആറ് വിമാനത്താവളങ്ങളും നിലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് (എഎഐ) മികച്ച ലാഭമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. വര്‍ഷം 2.27 മുതല്‍ 9.17 മില്യണ്‍ യാത്രക്കാരെയാണ് ഈ വിമാനത്താവളങ്ങള്‍ കൈകാര്യം ചെയ്തു വരുന്നത്. 

ജയ്പൂര്‍, അഹമ്മദാബാദ്, ലക്നൗ, മംഗളൂരു, ഗുവഹത്തി, തിരുവനന്തപുരം എന്നീ നോണ്‍ -മെട്രോ വിമാനത്താവളങ്ങളാണ് എഎഐ ലേലം ചെയ്യുന്നത്. ഫെബ്രുവരി 28 ആകും ലേലത്തിന്‍റെ വിജയികളെ പ്രഖ്യാപിക്കുക. ദില്ലി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവയ്ക്ക് ശേഷം രണ്ടാമത്തെ എയര്‍പോര്‍ട്ട് സ്വകാര്യവത്കരണമാണ് രാജ്യത്ത് നടക്കാന്‍ പോകുന്നത്. മുന്‍പ് 30 വര്‍ഷമായിരുന്ന വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കിയിരുന്നതെങ്കില്‍ ഇപ്പോഴിത് 50 വര്‍ഷ പാട്ടവ്യവസ്ഥയിലാണ് ലേലം ചെയ്യുന്നത്. 

വിമാനത്താവള ലേലത്തില്‍ കേരള സ്റ്റേറ്റ് ഇന്‍‍ഡസ്ട്രീയല്‍ ഡെലപ്മെന്‍റ് കോര്‍പ്പറേഷനും (കെഎസ്ഐഡിസി)  പങ്കെടുക്കുന്നുണ്ട്.  

Follow Us:
Download App:
  • android
  • ios